തഞ്ചാവൂർ: തമിഴ്നാട്ടിൽ മാറിമാറി ഭരണത്തിലെത്താനും മറ്റാർക്കും അധികാരം നൽകാതിരിക്കാനും ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ് ആരോപിച്ചു. തഞ്ചാവൂരിലെ സെങ്കിപ്പട്ടിയിൽ നടന്ന പാർട്ടി പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ ശത്രുക്കളാണെന്ന് തോന്നുമെങ്കിലും ഒന്നിടവിട്ട തവണകളിൽ ഭരണത്തിലെത്തുകയെന്ന ധാരണ ഇരുകക്ഷികൾക്കുമിടയിലുണ്ടെന്ന് അവരുടെ പേരെടുത്ത് പറയാതെ വിജയ് കുറ്റപ്പെടുത്തി. മൂന്നാമതൊരു കക്ഷി അധികാരത്തിൽ വരാതിരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാൽ ടി.വി.കെ.യുടെ വരവോടെ ആ സ്ഥിതി മാറാൻ പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ടി.വി.കെ.യുടെ വളർച്ചയെ തടയുന്നതിനുവേണ്ടി ഒരുപക്ഷം പൊതുയോഗങ്ങൾക്ക് കർശനമായ ഉപാധികൾ വെക്കുമ്പോൾ മറുപക്ഷം തനിക്കെതിരെ ചളിവാരിയെറിയുകയാണ്. കരൂർ വിവാദം മുതൽ തന്റെ സിനിമയായ ‘ജനനായകൻ’ റിലീസ് ചെയ്യുന്നത് വരെ ഒന്നിനുപുറകെ മറ്റൊന്നായി തനിക്കെതിരെ ആരോപണങ്ങളുടെ പെരുമഴയായിരുന്നുവെന്ന് വിജയ് ഓർമ്മിപ്പിച്ചു. എന്നാൽ സിനിമാ വിവാദത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ പേരിനെങ്കിലും പിന്തുണ പ്രഖ്യാപിച്ചതിൽ തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.കെ.യ്ക്ക് ഇത്തവണ ഭരണത്തുടർച്ച ലഭിക്കില്ലെന്ന് പറഞ്ഞ വിജയ്, മുഖ്യമന്ത്രിയുടെ അച്ഛൻ കരുണാനിധിക്കുപോലും രണ്ടുതവണ തുടർച്ചയായി അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
Also Read:ഇന്ത്യയുടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം; 95 ലക്ഷം ബാരൽ എണ്ണയുമായി റഷ്യ എത്തുന്നു
ഡി.എം.കെ. അവകാശപ്പെടുന്നതുപോലെ ഇത് മാതൃകാ ഭരണമല്ലെന്നും മറിച്ച് വെറുമൊരു തട്ടിപ്പുഭരണമാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സർക്കാർ, നടപ്പാക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നീറ്റ് ഒഴിവാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയത്. തമിഴ്നാടിന്റെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് ഡി.എം.കെ. എന്ന അവകാശവാദം ഇനി വിലപ്പോകില്ലെന്നും അവർ ദുഷ്ടശക്തിയാണെന്ന് എല്ലാവർക്കും അറിയാമെന്നും വിജയ് ആഞ്ഞടിച്ചു.
ഈ തിരഞ്ഞെടുപ്പിലെ പോരാട്ടം തമിഴ്നാടും ഡൽഹിയും തമ്മിലാണെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനയെയും വിജയ് പരിഹസിച്ചു. ക്രിക്കറ്റിൽപ്പോലും ഡൽഹി ടീമിന് തമിഴ്നാടിനൊപ്പമെത്താൻ കഴിയുന്നില്ലെന്നും ഇത്തവണ തമിഴ്നാടെന്നാൽ ടി.വി.കെ.യാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ വിസിൽ മുഴക്കുന്നത് ടി.വി.കെ. ആയിരിക്കുമെന്നും തനിക്കിത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് വികാരങ്ങളുടെ വേലിയേറ്റമാണെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു. കർശന നിയന്ത്രണങ്ങളോടെ 4900 പേർക്കുമാത്രം പ്രവേശനം അനുവദിച്ചാണ് യോഗം സംഘടിപ്പിച്ചത്.
The post ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും തമ്മിൽ അധികാരം പങ്കിടാൻ രഹസ്യധാരണ; സ്റ്റാലിന്റേത് തട്ടിപ്പുഭരണമെന്ന് വിജയ് appeared first on Express Kerala.




