
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റബ്ബർ, ഏലം കർഷകർക്കുള്ള പുനർനടീൽ ധനസഹായം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തലയിൽ നടന്ന ചടങ്ങിൽ ആറ് ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കാണ് സഹായധനം കൈമാറിയത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള ഗുണമേന്മയുള്ള തൈകൾ ഉപയോഗിച്ച് കൃഷി പുതുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റബ്ബർ, സ്പൈസസ്, കോഫി ബോർഡുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 324 കർഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് ആകെ 1,09,10,332 രൂപയാണ് അനുവദിച്ചത്. റബ്ബറിന് ഹെക്ടറിന് 75,000 രൂപയും, ഏലത്തിന് ഒരു ലക്ഷം രൂപയും, കാപ്പിക്ക് 1.10 ലക്ഷം രൂപയുമാണ് ധനസഹായമായി ലഭിക്കുന്നത്. പരമാവധി രണ്ട് ഹെക്ടർ വരെയുള്ള കൃഷിയിടങ്ങൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. റബ്ബർ മേഖലയിൽ 307 അപേക്ഷകളിലായി 1.06 കോടി രൂപയും, ഏലം മേഖലയിൽ ഇടുക്കി ജില്ലയിലെ 17 അപേക്ഷകർക്കായി 2.47 ലക്ഷം രൂപയും വിതരണം ചെയ്തു.
Also Read: നിഫ്റ്റിയിൽ വീണ്ടും ഇടിവിന് സാധ്യത; വിപണിയെ പിടിച്ചുലച്ച് എണ്ണവിലയും യുദ്ധഭീഷണിയും!
റബ്ബർ കൃഷിയിൽ ഏറ്റവും കൂടുതൽ ധനസഹായം ലഭിച്ചത് കോട്ടയം ജില്ലയ്ക്കാണ് (196 അപേക്ഷകൾ). കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകരും ആനുകൂല്യത്തിന് അർഹരായി. ചടങ്ങിൽ കർഷകർക്കുള്ള സഹായധനത്തിന്റെ ചെക്കുകൾ മന്ത്രി വിതരണം ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും എഫ്.പി.സി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
The post കേര പദ്ധതി! റബ്ബർ, ഏലം കർഷകർക്ക് ഒരു കോടിയിലധികം രൂപയുടെ പുനർനടീൽ സഹായധനം വിതരണം ചെയ്തു appeared first on Express Kerala.




