
ആഗോളതലത്തിൽ അമേരിക്കൻ-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ, സൈനിക പ്രഹരശേഷി വർധിപ്പിച്ച് ഉത്തര കൊറിയ. സമുദ്ര പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവെപ്പായി പുതിയ പടക്കപ്പലിൽ നിന്ന് രാജ്യം വിജയകരമായി ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം.
5000 ടൺ ഭാരമുള്ള അത്യാധുനിക യുദ്ധക്കപ്പലായ ‘ച്യോ ഹ്യോൻ’ ആണ് മിസൈൽ പരീക്ഷണത്തിന് വേദിയായത്. നാംപോ ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിൽ കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളാണ് വിക്ഷേപിച്ചത്. പുതിയ പടക്കപ്പലിനെ രാജ്യത്തിന്റെ ‘കടൽ പ്രതിരോധത്തിന്റെ പുതിയ അടയാളം’ എന്നാണ് കിം ജോങ് ഉൻ വിശേഷിപ്പിച്ചത്. അഞ്ച് പതിറ്റാണ്ടിനിടെ രാജ്യം കൈവരിച്ച ഏറ്റവും വലിയ മാറ്റമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് നിരീക്ഷിക്കാനും മേൽനോട്ടംവഹിക്കാനുമായി കിം ജോങ് ഉന്നും നാംപോ ഷിപ്പ്യാർഡിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
Also Read: ആശ്വാസമായി ഹോർമൂസ്; ചരക്ക് കപ്പലുകൾക്ക് പാത തുറന്ന് ഇറാൻ
വെള്ളത്തിനടിയിൽനിന്നും മുകളിൽനിന്നും ഒരേപോലെ ആക്രമണം നടത്താൻ നാവികസേനയെ സജ്ജമാക്കുമെന്ന് കിം പ്രഖ്യാപിച്ചു. നാവികസേനയിൽ ആണവായുധങ്ങൾ സജ്ജീകരിക്കുന്ന നടപടികൾ തൃപ്തികരമായ പുരോഗതി കൈവരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 2025 മേയ് മാസത്തിൽ മറ്റൊരു പടക്കപ്പൽ നീറ്റിലിറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെ ക്രിമിനൽ കുറ്റം എന്ന് വിശേഷിപ്പിച്ച കിം, വീഴ്ചകൾ പരിഹരിച്ച് കരുത്താർജ്ജിക്കാൻ കർശന നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, ഉത്തര കൊറിയയുടെ തന്ത്രപ്രധാനമായ ആയുധങ്ങളെന്ന വിശേഷണത്തെ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി സംശയത്തോടെയാണ് റിപ്പോർട്ട്ചെയ്തിരിക്കുന്നത്. മിസൈലുകൾക്ക് ആണവശേഷിയുണ്ടെന്ന് സൂചിപ്പിക്കാനാണ് ഉത്തര കൊറിയ ഈ വാക്ക് ഉപയോഗിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസികൾ വിലയിരുത്തുന്നു.
The post നേരിട്ടെത്തി കിം; പുതിയ പടക്കപ്പലിൽനിന്ന് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ appeared first on Express Kerala.




