
അഹമ്മദാബാദിൽ ഇന്ന് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. സഞ്ജുവിൽ നിന്ന് ഒരു വമ്പൻ ഇന്നിംഗ്‌സ് കൂടി ഫൈനലിൽ പ്രതീക്ഷിക്കാമെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രവചിക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിക്ക് തൊട്ടടുത്തെത്തി വിക്കറ്റ് നഷ്ടമായ സഞ്ജു, ആ കുറവ് ഫൈനലിൽ തീർച്ചയായും നികത്തുമെന്നാണ് അശ്വിന്റെ പക്ഷം.
സഞ്ജുവിന്റെ ഒരു വലിയ പ്രകടനം കൂടി ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നും, സെമിയിൽ ജോഫ്ര ആർച്ചറെ നേരിട്ടതുപോലെ കിവീസ് പേസർ മാറ്റ് ഹെൻറിയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ സഞ്ജുവിന് സാധിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അഹമ്മദാബാദിൽ നീലക്കടലിരമ്പും; ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം
അതേസമയം, ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ഫോമിനെക്കുറിച്ച് അശ്വിൻ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെറും 33 പന്തിൽ സെഞ്ച്വറി നേടിയ അലൻ ഇന്ത്യൻ ബൗളർമാർക്ക് വലിയ ഭീഷണിയാകാൻ സാധ്യതയുണ്ട്. ഇടംകൈയ്യൻ പേസർമാർക്കെതിരെ അലന് ചെറിയ ദൗർബല്യമുണ്ടെങ്കിലും ഇന്ത്യൻ സ്പിന്നർമാരെ അദ്ദേഹം എങ്ങനെ നേരിടും എന്നത് മത്സരഫലത്തിൽ നിർണ്ണായകമാകും. ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ സാഹചര്യങ്ങൾ എല്ലാം അവർക്ക് അനുകൂലമാകണമെന്നും, ടോസ് നേടി ആദ്യം ബൗൾ ചെയ്യുന്നതാകും അവർക്ക് കൂടുതൽ ഗുണകരമാകുകയെന്നും അശ്വിൻ നിരീക്ഷിക്കുന്നു.
The post സഞ്ജുവിൽ നിന്ന് വമ്പൻ ഇന്നിംഗ്‌സ് പിറക്കും; ഫൈനലിൽ ഇന്ത്യക്ക് മുൻതൂക്കമെന്ന് അശ്വിൻ appeared first on Express Kerala.




