
ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ദിവ്യയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്ന ചിത്രമാണ്. ഈ ചിത്രത്തിലെ പ്രകടനത്തിന് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശവും താരം സ്വന്തമാക്കിയിരുന്നു. തുടർന്ന് പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയതോടെ ദിവ്യ പ്രഭയുടെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു.
ദിവ്യ പ്രഭ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മസ്തിഷ്കമരണം’ സംവിധാനം ചെയ്ത കൃഷാന്ത്, നടിയെക്കുറിച്ചുള്ള ചില തെറ്റായ കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിൽ, ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ ചില രംഗങ്ങൾ മാത്രം മുൻനിർത്തി ദിവ്യയെ വിലയിരുത്തുന്ന രീതിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. കാനിൽ പോയി ഒരു സിനിമ വിജയിക്കുക എന്നത് നിസാര കാര്യമല്ലെന്നും ഓസ്കാറിനേക്കാൾ മുൻതൂക്കം കാനിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണത്തിന്റെയോ സ്വാധീനത്തിന്റെയോ പിൻബലത്തിലല്ല, മറിച്ച് കലയുടെ മികവിലാണ് കാനിൽ പുരസ്കാരങ്ങൾ ലഭിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read:ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ‘ധുരന്ദർ 2’! പ്രീ-സെയിലിൽ ഞെട്ടിക്കുന്ന കുതിപ്പ്
അന്താരാഷ്ട്ര തലത്തിൽ തിളങ്ങിനിൽക്കുന്ന ഒരു താരത്തെ ചില ക്ലിപ്പുകൾ വെച്ച് ജഡ്ജ് ചെയ്യുന്ന മീഡിയാ രീതി ശരിയല്ലെന്നും ആ രംഗങ്ങൾ തിരക്കഥയുടെ ആവശ്യമാണെന്നും കൃഷാന്ത് വ്യക്തമാക്കി. ഒരു വനിതാ സംവിധായിക ഒരുക്കിയ ചിത്രത്തിൽ താരം ചെയ്ത വേഷത്തെക്കുറിച്ചുള്ള ഇവിടുത്തെ ചർച്ചകൾക്ക് പിന്നിൽ അനാവശ്യമായ മുൻവിധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവ്യ പ്രഭ യഥാർത്ഥത്തിൽ ഒരു ‘ഇന്റർനാഷണൽ സ്റ്റാർ’ തന്നെയാണെന്നാണ് കൃഷാന്തിന്റെ പക്ഷം.
The post ദിവ്യ പ്രഭ അന്താരാഷ്ട്ര താരമാണ്; വെറുമൊരു ക്ലിപ്പിന്റെ പേരിൽ ജഡ്ജ് ചെയ്യരുത്: സംവിധായകൻ കൃഷാന്ത് appeared first on Express Kerala.




