
പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ കുവൈത്ത് തീരുമാനിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇറാനിൽ നിന്നുള്ള മുന്നറിയിപ്പുകൾ വന്ന പശ്ചാത്തലത്തിലാണ് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഈ നീക്കം നടത്തിയത്. ഒപെക് രാജ്യങ്ങളിൽ എണ്ണ ഉൽപാദനത്തിൽ അഞ്ചാം സ്ഥാനത്തുള്ള കുവൈറ്റിന്റെ ഈ തീരുമാനം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായേക്കും. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.
ബിസിനസ് തുടർച്ച ഉറപ്പാക്കാനും അപകടസാധ്യതകൾ കുറയ്ക്കാനുമുള്ള റിസ്ക് മാനേജ്മെന്റ് തന്ത്രത്തിന്റെ ഭാഗമായാണ് ഉൽപാദനത്തിൽ കുറവ് വരുത്തുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. സാഹചര്യം സാധാരണ നിലയിലായാൽ ഉൽപാദനം പഴയപടി തുടരാൻ സജ്ജമാണെന്നും കമ്പനി അറിയിച്ചു. അതേസമയം, കുവൈത്തിലെ ഈ മാറ്റം ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലകളെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും നിലവിൽ രാജ്യത്തെ ഇന്ധന ശേഖരം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു.
Also Read: പശ്ചിമേഷ്യൻ സംഘർഷം! ഉലഞ്ഞ് ആഗോള സമ്പദ്‌വ്യവസ്ഥ; എണ്ണവിലയിലും പണപ്പെരുപ്പത്തിലും വൻ വർധനയ്ക്ക് സാധ്യത
തന്ത്രപരമായ കരുതൽ ശേഖരം ഉൾപ്പെടെ ഏകദേശം എട്ട് ആഴ്ചത്തേക്കുള്ള അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യയുടെ കൈവശമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ആഭ്യന്തര വിപണിയിൽ പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടാകില്ല. എങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ദീർഘകാലം തുടരുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും ചെയ്താൽ ഭാവിയിൽ രാജ്യത്തെ ഇന്ധന നിരക്കുകളിൽ അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം.
The post കുവൈത്തിൽ എണ്ണ ഉൽപാദനം കുറയ്ക്കുന്നു? ആഗോള വിപണിയിൽ ആശങ്ക appeared first on Express Kerala.




