
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്ത ശേഷം മാത്രമേ കൈക്കൊള്ളൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ടൈംസ് ഓഫ് ഇസ്രയേലിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്കും നിലപാടുകൾക്കും വലിയ പ്രാധാന്യമുണ്ടെന്നും ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാൻ താനും നെതന്യാഹുവുമാണ് മുൻകൈ എടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിന് പകരമായി കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ പ്രത്യാക്രമണം നടത്തുകയാണ്. എന്നാൽ, ശരിയായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും ഇസ്രയേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Also Read:യുഎഇയിൽ മിസൈൽ ഭീതി; ഇറാനിയൻ ഡ്രോണുകളെ തകർത്ത് പ്രതിരോധ സേന
അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പുതിയ പരമോന്നത നേതാവായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാന്റെ പുതിയ നേതൃത്വത്തിന് വാഷിംഗ്ടണിന്റെ അംഗീകാരം അനിവാര്യമാണെന്നും അല്ലാത്തപക്ഷം അവർക്ക് അധികകാലം അധികാരത്തിൽ തുടരാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു ആണവശക്തിയാകാനോ മിഡിൽ ഈസ്റ്റ് പിടിച്ചെടുക്കാനോ താൻ അനുവദിക്കില്ലെന്നും മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇറാനുമായുള്ള യുദ്ധം എപ്പോൾ അവസാനിപ്പിക്കണം? നെതന്യാഹുവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് ട്രംപ് appeared first on Express Kerala.




