
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മൗനത്തെ രൂക്ഷമായി വിമർശിച്ച് ചാണ്ടി ഉമ്മൻ രംഗത്തെത്തി. പത്ത് വർഷം മുമ്പ് സോളാർ വിവാദകാലത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും വ്യക്തിപരമായി അധിക്ഷേപിച്ചവരാണ് സി.പി.എം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് മോറൽ പോലീസിംഗ് നടത്തിയ പാർട്ടിയും മുഖ്യമന്ത്രിയും ഇപ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ കോട്ടയത്ത് ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെതിരായ വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് നീതിപൂർവ്വമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ ഹോട്ടൽ വളഞ്ഞ് അതിവേഗം അറസ്റ്റ് ചെയ്ത പോലീസ്, മന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിസ്സംഗത പാലിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിനെ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയും പാർട്ടിയും തങ്ങൾക്കിഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും, ആരോപണങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസമൂഹം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സത്യം കാലം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പഴയ ശൗര്യം ഇപ്പോൾ സി.പി.എമ്മിനില്ലെന്നും നാളത്തെ ദേശാഭിമാനി പത്രം ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയമായ ഇരട്ടത്താപ്പിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞു.
The post ഗണേഷ് കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ചാണ്ടി ഉമ്മൻ appeared first on Express Kerala.




