
കോവിഡ്-19 മഹാമാരിയെത്തുടർന്ന് 2020-ൽ നിർത്തിവച്ച ചൈന-ഉത്തരകൊറിയ പാസഞ്ചർ ട്രെയിൻ സർവീസ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു. ഈ വ്യാഴാഴ്ച മുതൽ സർവീസ് തുടങ്ങുമെന്ന് ട്രാവൽ ഓപ്പറേറ്റർമാർ സ്ഥിരീകരിച്ചു. ബീജിംഗിലെയും അതിർത്തി നഗരമായ ഡാൻഡോങ്ങിലെയും ഔദ്യോഗിക ടിക്കറ്റിംഗ് കേന്ദ്രങ്ങൾ വഴി ഇതിനോടകം ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം. പാൻഡെമിക് നിയന്ത്രണങ്ങളുടെ ഭാഗമായി വർഷങ്ങളോളം അടച്ചിട്ടിരുന്ന അതിർത്തികൾ സാവധാനം തുറക്കുന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
നിലവിൽ വിനോദസഞ്ചാരികൾക്ക് ഈ ട്രെയിൻ സേവനം ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉത്തരകൊറിയയിൽ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയ ചൈനക്കാർക്കും, വിദേശത്തുള്ള പഠനമോ ജോലിയോ കഴിഞ്ഞ് മടങ്ങുന്ന അല്ലെങ്കിൽ കുടുംബത്തെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഉത്തരകൊറിയൻ പൗരന്മാർക്കും മാത്രമാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നത്. അന്താരാഷ്ട്ര ട്രെയിൻ സർവീസ് പുനരാരംഭിച്ചത് ശുഭസൂചനയാണെന്നും, ടൂറിസം മേഖല കൂടി തുറന്നാൽ വിമാനയാത്രയ്ക്ക് മികച്ചൊരു ബദലായി ഇത് മാറുമെന്നും ട്രാവൽ ഏജൻസികൾ അഭിപ്രായപ്പെടുന്നു.
Also Read: ‘ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
അതിർത്തി സുരക്ഷയും നിയന്ത്രണങ്ങളും കർശനമായി തുടരുന്നതിനിടയിലും അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉത്തരകൊറിയ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയുമായുള്ള ബന്ധം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന-ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചൈനയുമായുള്ള റെയിൽ ഗതാഗതവും പുനഃസ്ഥാപിച്ചിരിക്കുന്നത്.
The post ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈന-ഉത്തരകൊറിയ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു appeared first on Express Kerala.




