
ഇറാൻ-അമേരിക്ക സംഘർഷം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയിൽ എണ്ണ-വാതക കമ്പനി പ്രതിനിധികളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.
യുദ്ധം മൂലം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കടന്ന് 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി പുടിൻ ഓർമ്മിപ്പിച്ചു. അടുത്ത ഒരു മാസത്തിനുള്ളിൽ മേഖലയിലെ എണ്ണ ഉൽപാദനം പൂർണ്ണമായും സ്തംഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:‘ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിക്കാരായ റഷ്യയ്ക്ക് നിലവിലെ സാഹചര്യങ്ങൾ വിപണിയിൽ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കുമെന്ന് പുടിൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണം പുനഃസ്ഥാപിക്കാൻ റഷ്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി ഉപരോധങ്ങളിലൂടെ റഷ്യയെ അകറ്റിനിർത്താൻ ശ്രമിക്കുന്ന യൂറോപ്പിന്, നിലവിലെ പ്രതിസന്ധിയിൽ റഷ്യൻ വിപണി ലാഭകരമായ ഒരു പോംവഴിയായിരിക്കുമെന്നും പുടിൻ സൂചിപ്പിച്ചു.
The post ‘എണ്ണ ഗതാഗതം നിലയ്ക്കും, ലോകം പ്രതിസന്ധിയിലേക്ക്’! പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി പുടിൻ appeared first on Express Kerala.




