
ഇന്ത്യൻ റോഡുകളിലെ കരുത്തനായ ടൊയോട്ട ഫോർച്യൂണർ അതിന്റെ അടുത്ത തലമുറ മോഡലുമായി എത്തുന്നു. ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ചിത്രങ്ങൾ പ്രകാരം വാഹനത്തിന്റെ അകത്തും പുറത്തും വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ബോൾഡ് ആയ ലുക്കാണ് പുതിയ ഫോർച്യൂണറിന്.
സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ സ്ലീക്ക് ഹെഡ്‌ലൈറ്റുകൾ. പുതിയ ഗ്രില്ലിൽ ലോഗോയ്ക്ക് പകരം ‘TOYOTA’ എന്ന ടെക്സ്റ്റ് ആണ് നൽകിയിരിക്കുന്നത്. ലംബമായ എയർ വെന്റുകളും എൽഇഡി ഫോഗ് ലൈറ്റുകളും അടങ്ങിയ മസ്കുലർ ബമ്പർ. സുരക്ഷയ്ക്കായി എഡിഎഎസ് റഡാർ സെൻസറുകളും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. ചതുരാകൃതിയിലുള്ള പുതിയ എൽഇഡി ടെയിൽലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പും ഷാർപ്പായ ബമ്പറും ഇതിന് ആധുനിക ലുക്ക് നൽകുന്നു.
Also Read: ഫോൺ മാറ്റിവെക്കാം, കാറിനോട് സംസാരിക്കാം; അത്യാധുനിക ഫീച്ചറുകളുമായി മെഴ്‌സിഡസ് ബെൻസ് CLA 250+ EV
ഐഎംവി ലാഡർ-ഫ്രെയിം പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ മോഡലും നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ 19 ഇഞ്ച് വലിയ അലോയ് വീലുകൾ ലഭിക്കുമ്പോൾ, താഴ്ന്ന പതിപ്പുകളിൽ 18 ഇഞ്ച് വീലുകളാകും ഉണ്ടാവുക. ഫോർച്യൂണറിന്റെ ഏറ്റവും വലിയ പോരായ്മയായി ആരാധകർ കണ്ടിരുന്ന ഇന്റീരിയറിൽ ഇത്തവണ വൻ മാറ്റങ്ങളുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതേ വലിപ്പത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ. ലാൻഡ് ക്രൂയിസർ എഫ്‌ജെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ സ്റ്റിയറിംഗ് വീൽ.
എഞ്ചിൻ: 2.8 ലിറ്റർ ഡീസൽ എഞ്ചിൻ (201 bhp, 500 Nm) തുടരും. ഇതിൽ മൈൽഡ് ഹൈബ്രിഡ് സംവിധാനം ഉണ്ടാകും. കൂടാതെ 2.4 ലിറ്റർ പെട്രോൾ സ്ട്രോങ്ങ് ഹൈബ്രിഡ് എഞ്ചിനും പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെയോ 2027 ആദ്യമോ ഇന്ത്യയിലെത്തും. 40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
The post അടിമുടി മാറി ഫോർച്യൂണർ; കരുത്തൻ ലുക്കും ഹൈബ്രിഡ് എഞ്ചിനുമായി പുതിയ തലമുറ വരുന്നു appeared first on Express Kerala.



