
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയം ആഘോഷിക്കാൻ ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയ്ക്കെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമർശനമുയരുന്നു. മൈതാനത്ത് ചോരനീരാക്കി പൊരുതി ജയിച്ച താരങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഐസിസി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. ‘രാജ്യം എന്നും ഓർത്തുവെക്കുന്ന നിമിഷങ്ങൾ’ എന്ന പേരിൽ പങ്കുവെച്ച വീഡിയോയിൽ, വിജയനിമിഷത്തിന്റെ ഓരോ ഫ്രെയ്മിലും താരങ്ങൾക്ക് പകരം ജയ് ഷായെ കുത്തിനിറച്ചിരിക്കുകയാണെന്നാണ് പ്രധാന പരാതി.
Also Read: ‘സഞ്ജുവിനെ പറയാതെ വയ്യ’; വാഴ്ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച കളിക്കാരെ വീഡിയോയിൽ വേണ്ടത്ര കാണാനില്ലെന്നും, പകരം ബിസിസിഐ സെക്രട്ടറി പദവിയിൽ നിന്ന് ഐസിസി ചെയർമാനായി മാറിയ ജയ് ഷായെ ഒരു ‘സൂപ്പർ സ്റ്റാർ’ പരിവേഷത്തോടെ അവതരിപ്പിക്കാനാണ് അധികൃതർ ശ്രമിച്ചതെന്നുമാണ് ഉയരുന്ന ആക്ഷേപം. “ലോകകപ്പ് ജയിച്ചത് ജയ് ഷായാണോ?”, “ജയ് ഷാ സിക്സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചത് ഞങ്ങൾ കണ്ടില്ലല്ലോ” എന്നിങ്ങനെ പരിഹാസരൂപേണയുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണ് ബിസിസിഐയുടെ കമന്റ് ബോക്സുകൾ. ഒരു കായിക നേട്ടത്തെ വ്യക്തിപൂജയ്ക്കായി ഉപയോഗിക്കുന്നു എന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ.
താരങ്ങളെ തഴഞ്ഞ് ഒഫീഷ്യലുകൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന ആക്ഷേപം ബിസിസിഐക്കെതിരെ മുൻപും ഉയർന്നിട്ടുണ്ട്. സമാനമായ രീതിയിൽ മുൻപ് പുറത്തിറങ്ങിയ വീഡിയോകളും വിവാദമായിരുന്നു. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഒരു വലിയ വിജയത്തിന്റെ ക്രെഡിറ്റ് താരങ്ങൾക്ക് നൽകാതെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് വീഡിയോ നിർമ്മിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബിസിസിഐയുടെ ഔദ്യോഗിക പേജുകളിൽ ഈ വീഡിയോയ്ക്കെതിരെയുള്ള പ്രതിഷേധവും പരിഹാസവും ഇപ്പോഴും തുടരുകയാണ്.
The post ലോകകപ്പ് ജയിച്ചത് ജയ് ഷായാണോ? ബിസിസിഐ വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ! appeared first on Express Kerala.



