
കൊച്ചിയിൽ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു. പ്രസംഗത്തിന്റെ തുടക്കത്തിൽ “കടലിന്റെ മക്കൾക്ക് നമസ്‌കാരം” എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ജനങ്ങളെ ആവേശത്തിലാക്കിയത്. താൻ ജനങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങാൻ എത്തിയതാണ് എന്ന് മോദി പറഞ്ഞു. കേരള എന്നത് കേരളം എന്നാക്കി മാറ്റി മലയാളികളുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാമൂഹിക പരിഷ്കർത്താവ് പണ്ഡിറ്റ് കറുപ്പനെ അനുസ്മരിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തെ വണങ്ങി. രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നവരാണ് കടലിന്റെ മക്കളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേരളത്തിലെ പ്രളയകാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തിയതും തന്റെ സർക്കാരിന്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പ്രധാനമന്ത്രി കൊച്ചിയിൽ; കലൂരിൽ ആവേശമായി റോഡ് ഷോ ഉടൻ
ബിജെപി, കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിന്ന് സിപിഎം നേതാക്കൾ വിട്ടുനിന്നു. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എൻഡിഎ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാവിലെ 11:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം നേവൽ ബേസിലും തുടർന്ന് റോഡ് മാർഗ്ഗം മറൈൻ ഡ്രൈവിലെ ചടങ്ങിലും എത്തിച്ചേരുകയായിരുന്നു. ധീവരസഭയുടെ പരിപാടിക്ക് ശേഷം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും.
റോഡ് ഷോയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ വിവിധ ഔദ്യോഗിക പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. സമുദായ വേദിയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് കേരളത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. പണ്ഡിറ്റ് കറുപ്പനെപ്പോലുള്ള വിപ്ലവകാരികളെ അനുസ്മരിക്കുക വഴി തീരദേശ വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണ് മോദി ഇന്ന് നടത്തിയത്.
The post “കടലിന്റെ മക്കൾക്ക് നമസ്‌കാരം”; കൊച്ചിയിൽ മലയാളത്തിൽ ആവേശം വിതറി പ്രധാനമന്ത്രി appeared first on Express Kerala.



