
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. താൻ മത്സരിക്കുമെന്ന പ്രചാരണം വെറും ഊഹാപോഹം മാത്രമാണെന്നും തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്ത നൽകുന്നതിന് മുൻപ് തന്നോട് ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും മാധ്യമങ്ങൾ കാണിക്കണമായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
“മാധ്യമങ്ങൾക്ക് മറവിരോഗമാണോ?” എന്ന് ചോദിച്ച അദ്ദേഹം, ഓരോ ദിവസവും ഓരോ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. വ്യക്തികൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്, എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് പാർട്ടി നയങ്ങൾക്കനുസരിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷമാ മുഹമ്മദിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചിരിച്ചുകൊണ്ട് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
Also Read: “കടലിന്റെ മക്കൾക്ക് നമസ്‌കാരം”; കൊച്ചിയിൽ മലയാളത്തിൽ ആവേശം വിതറി പ്രധാനമന്ത്രി
അതേസമയം, കോൺഗ്രസിലെ പ്രമുഖ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ എംപിമാർ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിക്കാനെത്തുന്നതിൽ ചില മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ട്. എംപിമാർ മത്സരരംഗത്തിറങ്ങിയാൽ തങ്ങൾ പിന്മാറുമെന്ന നിലപാട് ചില നേതാക്കൾ കഴിഞ്ഞ ചർച്ചകളിൽ അറിയിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ ആരംഭിക്കും.
The post ‘എന്നോട് ചോദിച്ചിട്ട് വാർത്ത കൊടുക്കൂ’; നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ തള്ളി കെ.സി. വേണുഗോപാൽ appeared first on Express Kerala.


