
ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലിന് അമേരിക്കൻ നാവികസേന അകമ്പടി നൽകിയെന്ന ഊർജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ അവകാശവാദം തള്ളി വൈറ്റ്ഹൗസ്. ഇറാൻ സംഘർഷത്തിനിടയിലും ആഗോള ഊർജ വിപണി സുരക്ഷിതമാണെന്ന് കാണിക്കാൻ ക്രിസ് റൈറ്റ് സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറ്റ്ഹൗസ് ഈ പ്രസ്താവന നിഷേധിക്കുകയും ക്രിസ് റൈറ്റ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
“ഇറാനെതിരായ സൈനിക നടപടികൾക്കിടയിലും ആഗോള വിപണിയിലെ ഊർജസ്ഥിരത ട്രംപ് നിലനിർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിലൂടെ ഒരു എണ്ണ ടാങ്കറിന് അകമ്പടി നൽകി,” എന്നായിരുന്നു റൈറ്റിന്റെ പോസ്റ്റ്. എന്നാൽ, അമേരിക്കൻ നാവികസേന ഇത്തരമൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. അമേരിക്കൻ സൈന്യം കപ്പലിന് അകമ്പടി സേവിച്ചിട്ടില്ലെന്ന് മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.
Also Read:ഹോർമുസ് കടലിടുക്കിൽ ഭീതി; ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കാനഡയുടെ ഓഫർ
അതേസമയം, അമേരിക്കൻ ഊർജ സെക്രട്ടറിയുടെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് ഇറാനും രംഗത്തെത്തി. അമേരിക്കയുടെ വാദം ശുദ്ധ നുണയാണെന്നും അത്തരമൊരു നീക്കം നടന്നിട്ടില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രതികരിച്ചു. അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ കപ്പലുകൾ കണ്ടാൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തടയുമെന്നും ഇറാൻ വക്താവ് മുന്നറിയിപ്പ് നൽകി. ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കടുത്ത ഭീഷണിയിലാണ്.
The post ഊർജ സെക്രട്ടറിയുടെ ‘അകമ്പടി’ വാദം തള്ളി വൈറ്റ്ഹൗസ്; അമേരിക്കൻ ഭരണകൂടത്തിൽ ആശയക്കുഴപ്പം appeared first on Express Kerala.



