സംഗമഗ്രാമമാധവൻ്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ് നാടിന് സമർപ്പിച്ചു
ഇരിങ്ങാലക്കുട : ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന ‘മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്’ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേരളത്തിന്റെ സംഭാവനകൾ കാൽക്കുലസിൽ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാറിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. എസ്എൻഡി പി ഹാളിൽ നടന്ന ചടങ്ങിൽ കെ. എസ്. എച്ച്.ഇ.സി മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ റിട്ടയേർഡ് പ്രൊഫസറും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ വിസിറ്റിംഗ് പ്രൊഫസറുമായ പ്രൊഫ. എ.ജെ. പരമേശ്വരൻ, പുനെ ഐസറിലെ വെങ്കടേശ്വര ആർ. പൈ, പ്രൊഫ. എൻ.കെ. സുന്ദരേശ്വരൻ, കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. വിജയലക്ഷ്മി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ ,
കെ.എസ്.എച്ച്. ഇ.സി റിസർച്ച് ഓഫീസർ ഡോ.കെ.സുരേന്ദ്രൻ, കോളേജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. എസ് മനോജ് കുമാർ, കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട ഉപകേന്ദ്രം കോർഡിനേറ്റർ ടി. പി ലീന, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


