
റംസാന്റെ പുണ്യദിനങ്ങളിൽ ഉംറ നിർവഹിക്കാൻ എത്തുന്ന തീർത്ഥാടകർ തിരക്ക് കുറഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കണമെന്ന് സൗദി ഹജ്-ഉംറ മന്ത്രാലയം അഭ്യർത്ഥിച്ചു. അർദ്ധരാത്രിക്ക് ശേഷമുള്ള സമയവും സുബ്ഹി നമസ്‌കാരത്തിന് ശേഷമുള്ള പുലർച്ചെ സമയവുമാണ് തീർത്ഥാടനത്തിന് ഏറ്റവും അനുയോജ്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. റംസാന്റെ അവസാന നാളുകളിൽ മക്കയിലെ ഹറം പള്ളിയിൽ അനുഭവപ്പെടുന്ന വൻ തിരക്ക് പരിഗണിച്ച് കൂടുതൽ വിശ്വാസികൾക്ക് അവസരമൊരുക്കാൻ ഒരാൾ ഒരു തവണ മാത്രം ഉംറ നിർവഹിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഇത് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടുകളില്ലാതെ കർമ്മങ്ങൾ പൂർത്തിയാക്കാൻ സഹായകമാകും.
അതേസമയം, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റമദാൻ മാസത്തിൽ വിപുലമായ ആരോഗ്യ സേവനങ്ങളാണ് സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. റമദാനിലെ രണ്ടാം പത്തിൽ മാത്രം 70,287 മെഡിക്കൽ സേവനങ്ങൾ തീർത്ഥാടകർക്ക് ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിലായി 42,422 പേരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി 24,091 പേരും ചികിത്സ തേടി. കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ തീർത്ഥാടകർക്ക് സുരക്ഷിതമായി കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത! താപനിലയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
ഹൃദയസംബന്ധമായ ചികിത്സകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 278 ശസ്ത്രക്രിയകളും ഈ കാലയളവിൽ വിജയകരമായി പൂർത്തിയാക്കി. രോഗാവസ്ഥ ഗുരുതരമായ 3,385 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ തീർത്ഥാടകനും ചികിത്സ ലഭ്യമാക്കുന്നത്. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ ആരോഗ്യ വിഭാഗങ്ങൾ സംയുക്തമായാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
The post റംസാൻ ഉംറ! തിരക്കില്ലാത്ത സമയം തിരഞ്ഞെടുക്കാൻ നിർദ്ദേശം appeared first on Express Kerala.



