PUDUKAD-NEWS-PUTHUKAD-NEWS

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 57 ലക്ഷം തട്ടിയ കേസിൽ കമ്മീഷൻ വാങ്ങി പണം കൈമാറിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി കിഴുത്താണി സ്വദേശിയായ യുവാവിൽ നിന്ന് 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ അഖിൽ ടി. (34) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോഴിക്കോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2025 ജൂൺ മുതൽ ഓഗസ്റ്റ് 30 വരെയുള്ള വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനായ യുവാവിൽ നിന്ന് 57,41,000/- രൂപയാണ് പ്രതികൾ കൈക്കലാക്കിയത്.
ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ വന്നതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. തട്ടിയെടുത്ത തുകയിൽ ഉൾപ്പെട്ട രണ്ട് ലക്ഷം രൂപ പ്രതിയായ അഖിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയും ഇയാൾ ഇത് ചെക്ക് മുഖേന പിൻവലിച്ച് മറ്റ് പ്രതികൾക്ക് കൈമാറുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, ജി എസ് ഐ അശോകൻ ടി എൻ, സി പി ഒ മാരായ ഷിബു വാസു, സുധീപ്, അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top