
ജീവനക്കാരുടെ പി.എഫ് വിഹിതം കൃത്യസമയത്ത് അടയ്ക്കുന്നതിന് സ്ഥാപന ഉടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ‘സൈബർനെറ്റ്’ വഴി നേരിട്ട് ഇപിഎഫ്ഒ പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച മുതൽ നിലവിൽ വന്ന ഈ സേവനത്തിലൂടെ ബിസിനസ്സ് ഉടമകൾക്കും വിവിധ സ്ഥാപനങ്ങൾക്കും ബാങ്കുകളിൽ നേരിട്ട് പോകാതെ തന്നെ പി.എഫ് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മുമ്പ് പരിമിതമായ ബാങ്കുകൾക്ക് മാത്രമായിരുന്ന ഇപിഎഫ്ഒ പണമടയ്ക്കാനുള്ള അനുമതി ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിനും ലഭിച്ചിരിക്കുകയാണ്. ഇതിലൂടെ ബാങ്കിൽ അക്കൗണ്ടുള്ള ബിസിനസ്സുകാർക്കും സ്ഥാപനങ്ങൾക്കും പി.എഫ് വിഹിതം, കുടിശ്ശിക, മറ്റ് ചാർജുകൾ എന്നിവ ഇപിഎഫ്ഒ പോർട്ടൽ വഴി ലളിതമായി ക്ലിയർ ചെയ്യാം. ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ ഈ മുന്നേറ്റം സ്ഥാപനങ്ങൾക്ക് വലിയ രീതിയിലുള്ള സമയലാഭവും സുരക്ഷയുമാണ് വാഗ്ദാനം ചെയ്യുന്നത്.
Also Read: സംസ്ഥാനത്ത് സ്വർണവില താഴേക്ക്; ഉപഭോക്താക്കൾക്ക് ആശ്വാസം
സൈബർനെറ്റ് വഴി നടത്തുന്ന ഇടപാടുകൾ ഉടനടി പൂർത്തിയാകുമെന്നതിനൊപ്പം കൃത്യമായ ഡിജിറ്റൽ റെക്കോർഡുകൾ ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതോടെ മറ്റ് ബാങ്കുകളെ ആശ്രയിക്കാതെ തന്നെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് വളരെ വേഗത്തിൽ നിയമപരമായ പി.എഫ് ബാധ്യതകൾ തീർക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
The post ഇനി പിഎഫ് അടയ്ക്കാം വിരൽത്തുമ്പിൽ; ‘സൈബർനെറ്റ്’ വഴി പുതിയ സേവനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് appeared first on Express Kerala.



