
കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ പ്രതിയുമായ അലുവ അതുലിനെ ഒരു സംഘം നടുറോഡിൽ വെട്ടിക്കൊന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണമുണ്ടായത്. ദേശീയപാതയിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയുമായിരുന്നു. റോഡ് പണി നടക്കുന്ന ഭാഗത്തെ കുഴിയിലേക്കാണ് അതുലിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയത്.
കഴിഞ്ഞ മാർച്ച് 27-ന് കരുനാഗപ്പള്ളി സ്വദേശിയായ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായിരുന്നു അതുൽ. രാത്രിയിൽ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അന്ന് സന്തോഷിനെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിലെ പ്രതികാരമാണ് ഇപ്പോൾ നടന്ന അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Also Read: പത്ത് വർഷം, 19 കുത്തുകൾ; കുഞ്ഞാമിന കൊലക്കേസിലെ രണ്ട് പ്രതികൾ പിടിയിൽ!
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുൻപ് സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാളുടെ നിർദ്ദേശപ്രകാരമാണെന്ന് അതുൽ മൊഴി നൽകിയിരുന്നു. അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
The post ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ കരുനാഗപ്പള്ളിയിൽ വെട്ടിക്കൊന്നു appeared first on Express Kerala.




