പ്രണയവും വിവാഹവും വ്യക്തിസ്വാതന്ത്ര്യം, പക്ഷേ സിംഗിൾ ജീവിതം മനസ്സിനെ തളർത്തുന്നുണ്ടോ?

പ്രണയവും വിവാഹവും വ്യക്തിസ്വാതന്ത്ര്യം, പക്ഷേ സിംഗിൾ ജീവിതം മനസ്സിനെ തളർത്തുന്നുണ്ടോ?

വിവാഹവും പ്രണയവുമെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെങ്കിലും, ദീർഘകാലം ‘സിംഗിൾ’ ആയി തുടരുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെയും ജീവിതത്തോടുള്ള സംതൃപ്തിയെയും ബാധിച്ചേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ജർമ്മനിയിലെയും ബ്രിട്ടണിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് കൗമാരം പിന്നിട്ട് ഇരുപതുകളുടെ അവസാനത്തിലേക്ക് എത്തുമ്പോഴും പങ്കാളിയെ കണ്ടെത്താത്തവരിലോ ഒറ്റയ്ക്ക് കഴിയുന്നവരിലോ ജീവിത സംതൃപ്തി കുറയുന്നതായി കണ്ടെത്തിയത്. ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പതിനാറിനും ഇരുപത്തിയൊൻപതിനും ഇടയിൽ പ്രായമുള്ള പതിനേഴായിരത്തോളം യുവാക്കളിൽ 13 വർഷത്തോളം നടത്തിയ നിരീക്ഷണമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. പഠനത്തിന്റെ ആദ്യഘട്ടത്തിൽ പങ്കാളികളില്ലാതിരുന്ന യുവാക്കളിൽ, കൗമാരപ്രായത്തിൽ സിംഗിൾ ആയിരിക്കുന്നവരും അല്ലാത്തവരും തമ്മിൽ മാനസികാവസ്ഥയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമായിരുന്നില്ല. എന്നാൽ പ്രായം മുപ്പതുകളിലേക്ക് അടുക്കുമ്പോഴാണ് ഈ വ്യത്യാസം പ്രകടമാകുന്നത്.

Also Read: പുതിയ വൃക്ക, പുതിയ ജീവിതം! ശസ്ത്രക്രിയ കഴിഞ്ഞവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ

ചുറ്റുമുള്ള സുഹൃത്തുക്കളും സമപ്രായക്കാരും പ്രണയത്തിലേക്കോ വിവാഹജീവിതത്തിലേക്കോ പ്രവേശിക്കുമ്പോൾ, സിംഗിൾ ആയി തുടരുന്നവർക്ക് വൈകാരികമായ അടുപ്പങ്ങൾ പങ്കിടാനുള്ള അവസരങ്ങൾ കുറയുന്നു. ഇത് ഇവരിൽ തീവ്രമായ ഏകാന്തതയ്ക്കും വിഷാദരോഗം പോലുള്ള മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. സെൽഫ് പാർട്ണർഷിപ്പ്, സോളോ ലിവിങ് തുടങ്ങിയ പുത്തൻ ആശയങ്ങൾ ഇന്ന് സമൂഹത്തിൽ സജീവമാണെങ്കിലും, മനുഷ്യന്റെ സ്വാഭാവികമായ വൈകാരിക ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തത് ജീവിതത്തോടുള്ള വിരക്തിക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉയർന്ന വിദ്യാഭ്യാസമുള്ളവർ, തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർ, മാതാപിതാക്കളോടൊപ്പം താമസിക്കുന്നവർ എന്നിവരിലാണ് ദീർഘകാലം സിംഗിൾ ആയി തുടരാനുള്ള പ്രവണത കൂടുതൽ കണ്ടുവരുന്നത്. ഈ ട്രെൻഡ് ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെയാണെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.

എങ്കിലും ഈ കണ്ടെത്തൽ എല്ലാവർക്കും ബാധകമല്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. പങ്കാളിയില്ലാതെ തന്നെ ശക്തമായ സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നവർക്ക് വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സാധിക്കുന്നുണ്ട്. ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നത് പങ്കാളികളിലൂടെ മാത്രമല്ലെന്നും, മറിച്ച് മികച്ച സാമൂഹിക ഇടപെടലുകളിലൂടെ കൂടിയാണെന്നും പഠനം അടിവരയിടുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post പ്രണയവും വിവാഹവും വ്യക്തിസ്വാതന്ത്ര്യം, പക്ഷേ സിംഗിൾ ജീവിതം മനസ്സിനെ തളർത്തുന്നുണ്ടോ? appeared first on Express Kerala.

Spread the love
Scroll to Top