അവൻ അടുത്ത ധോണിയല്ല, ഒരേയൊരു സഞ്ജു; സഞ്ജു സാംസണെക്കുറിച്ച് ശശി തരൂർ

അവൻ അടുത്ത ധോണിയല്ല, ഒരേയൊരു സഞ്ജു; സഞ്ജു സാംസണെക്കുറിച്ച് ശശി തരൂർ

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വളർച്ചയെയും കരിയറിലെ കഠിനമായ പോരാട്ടങ്ങളെയും കുറിച്ച് വൈകാരികമായ ഓർമ്മകൾ പങ്കുവെച്ച് ശശി തരൂർ എം.പി. മെലിഞ്ഞ രൂപവും മനസ്സ് കീഴടക്കുന്ന പുഞ്ചിരിയുമുള്ള ഒരു കൗമാരക്കാരനിൽ നിന്ന് ലോകോത്തര ക്രിക്കറ്ററിലേക്കുള്ള സഞ്ജുവിന്റെ യാത്രയെ ശശി തരൂർ തന്റെ ലേഖനത്തിലൂടെ അനുസ്മരിച്ചു. സഞ്ജുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ആദ്യകാലത്ത് “നീ അടുത്ത ധോണിയാകും” എന്ന് താൻ നൽകിയ പ്രശംസയെ, “സഞ്ജുവിന് മറ്റാരുടെയെങ്കിലും പതിപ്പാകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസണായിരിക്കും” എന്ന് പറഞ്ഞ് ഗൗതം ഗംഭീർ തിരുത്തിയ സംഭവം തരൂർ എടുത്തുപറഞ്ഞു.

സഞ്ജുവിന്റെ കരിയർ വിജയങ്ങളും തിരിച്ചടികളും നിറഞ്ഞതായിരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. പലപ്പോഴും ന്യായമില്ലാത്ത രീതിയിൽ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴും സഞ്ജു തന്റെ സ്വതസിദ്ധമായ സൗമ്യഭാവം കൈവിട്ടില്ല. മകനെ അവഗണിക്കുന്നതിലെ നീതികേടിൽ പിതാവ് സാംസൺ വിശ്വനാഥ് അനുഭവിച്ച വേദനയും രോഷവും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും, അർഹതയുള്ള ഒരു കായികതാരത്തിനുവേണ്ടി പലപ്പോഴും താൻ സ്വകാര്യമായും പരസ്യമായും ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also Read:‘ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്’; അഭിഷേക് ശർമയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സഞ്ജു സാംസൺ

സഞ്ജുവിന്റെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒരു നിർണ്ണായക ഇടപെടലിനെക്കുറിച്ചും തരൂർ മനസ്സ് തുറന്നു. ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്യേണ്ടി വന്നതിനാൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ സഞ്ജുവിനുണ്ടായിരുന്നില്ല. നിയമത്തിന്റെ പേരിൽ ഒരു പരീക്ഷ നഷ്ടമാകുമെന്ന അവസ്ഥ വന്നപ്പോൾ, കായിക മികവിനെ കൂടി പരിഗണിച്ചു പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് താൻ ഇടപെട്ട് ആവശ്യപ്പെടുകയായിരുന്നു. ആ ഇളവ് അനുവദിക്കപ്പെട്ടതും സഞ്ജു പരീക്ഷ വിജയിച്ചതും വലിയൊരു വിജയമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.

മൈതാനത്തെ സിക്സറുകളെക്കാൾ സഞ്ജുവിന്റെ ആത്മധൈര്യമാണ് തന്നെ ആകർഷിച്ചതെന്ന് തരൂർ പറയുന്നു. സെലക്ഷനിലെ അനിശ്ചിതത്വങ്ങളെയും സമ്മർദ്ദങ്ങളെയും ശാന്തമായി നേരിട്ട സഞ്ജു ഒരിക്കലും പരാതികൾ പറഞ്ഞില്ല. ടി20 സ്പെഷ്യലിസ്റ്റ് എന്ന ലേബലിന് അപ്പുറം ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാൻ സഞ്ജുവിന് അർഹതയുണ്ടെന്നും, തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ കവാടത്തിലാണ് താരം ഇപ്പോൾ നിൽക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

The post അവൻ അടുത്ത ധോണിയല്ല, ഒരേയൊരു സഞ്ജു; സഞ്ജു സാംസണെക്കുറിച്ച് ശശി തരൂർ appeared first on Express Kerala.

Spread the love
Scroll to Top