മാള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 30 വർഷം തടവ് ശിക്ഷ ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി നീട്ടാണി വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന പ്രവീൺ (25) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്ന് അപ്പീൽ പോകുന്നതിനായി കോടതിയിൽ നിന്ന് ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി ബഹു. ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇഡ്ജ് ശിക്ഷാവിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മാസങ്ങൾ നീണ്ട കൃത്യമായ തയ്യാറെടുപ്പുകൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് അന്വേഷണ സംഘം കോടതിയുടെ ശിക്ഷാവിധി വാറൻ്റ് പ്രകാരം പ്രതിയെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ ഇയാളെ മാള പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മാള പോലീസ് സ്റ്റേഷൻ എസ് ഐ ബെന്നി കെ.ടി, ജി എസ് സി പി ഒ മാരായ ഉണ്ണിക്കൃഷ്ണൻ, കിരൺ, ജോയ് ഡെന്നീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



