PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുടയിലെ ബസ്സപകടം : ബസ്സ് ഡ്രൈവർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാനും ഇടയായ വാഹനാപകടത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷ് (34) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്ഥേപറമ്പിൽ മനോജ് (53) മരണപ്പെട്ടിരുന്നു. സ്കൂട്ടർ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടർടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനെ തുടർന്ന് പ്രതിക്കെതിരെ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.

സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് തൊട്ടുപിന്നാലെ അമിതവേഗതയിൽ വന്ന “പൂമല” ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലേക്കും ഇടിച്ച് കയറുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സെലീഷിനെതിരെ നെടുപുഴ, തൃശൂർ ഈസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സുകളും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളും, അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ ഉണ്ട്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎസ്ഐ മാരായ മനോജ്, എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ മാരായ ഗിരീഷ്, എം.ആർ. രഞ്ജിത്ത്, സിപിഒ മാരായ ഉമേഷ് കൃഷ്ണൻ, കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും..1070 കോടി അനുവദിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top