
സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ വിശ്വാസമില്ലെന്ന് സംവിധായകൻ പ്രിയദർശൻ. പല ചിത്രങ്ങളുടെയും വരുമാന കണക്കുകൾ രാജ്യത്തെ ജനസംഖ്യയേക്കാൾ വലുതാണെന്ന് തോന്നിപ്പിക്കാറുണ്ടെന്നും നിർമ്മാതാക്കൾ മനഃപൂർവ്വം കണക്കുകളിൽ തിരിമറി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രമായ ഭൂത് ബംഗ്ലയുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ചില സിനിമകളുടെ ഭീമമായ കളക്ഷൻ റിപ്പോർട്ടുകൾ കണ്ട് താൻ നേരിട്ട് നിർമ്മാതാക്കളോട് അന്വേഷിച്ചിട്ടുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. ഞങ്ങൾക്ക് അങ്ങനെ ചെയ്തേ പറ്റൂ എന്നായിരുന്നു അവരുടെ മറുപടി. ഇന്ന് ആർക്കും 100 കോടി ക്ലബ്ബിൽ താല്പര്യമില്ല, എല്ലാവർക്കും വേണ്ടത് 500 കോടിയും 1000 കോടിയുമാണ്, പ്രിയദർശൻ വ്യക്തമാക്കി. സിനിമാ വ്യവസായത്തിലെ കണക്കുകൂട്ടലുകൾ തെറ്റായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഓസ്‌കർ ജേതാക്കൾക്ക് ലഭിക്കുന്നത് കോടികളോ? യാഥാർത്ഥ്യം ഇതാണ്; പ്രതിമയുടെ വില കേട്ടാൽ ഞെട്ടും!
ദക്ഷിണേന്ത്യൻ സിനിമകൾ വലിയ വിജയം നേടുമ്പോൾ ബോളിവുഡ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുഷ്പ, കാന്താര തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങൾ വിശ്വസനീയമായ രീതിയിലാണ് കഥ പറയുന്നത്. ഹോളിവുഡ് ചിത്രങ്ങളെപ്പോലെ അവിശ്വസനീയമായ കാര്യങ്ങൾ പോലും പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ അവർക്ക് കഴിയുന്നു. ബോളിവുഡിൽ ഇറങ്ങുന്ന 90 ശതമാനം സിനിമകളും വ്യാജമായി തോന്നുന്നു. എന്നാൽ റോക്കി ഔർ റാണി കി പ്രേം കഹാനി പോലെയുള്ള ചിത്രങ്ങൾ പഴയ ശൈലിയിലുള്ളതാണെങ്കിലും വിശ്വസനീയമായതിനാൽ പ്രേക്ഷകർ ഏറ്റെടുത്തു. ബോളിവുഡിൽ അടുത്തിടെയുണ്ടായ ധുരന്ദർ പോലുള്ള വിജയങ്ങൾ ആശ്വാസകരമാണെങ്കിലും സിനിമകൾ നിർമ്മിക്കുന്ന രീതിയിൽ മാറ്റം വരണമെന്നും പ്രിയദർശൻ നിരീക്ഷിച്ചു.
The post 1000 കോടി ക്ലബ്ബുകൾ വിശ്വസിക്കാനാവില്ല, ബോളിവുഡ് സിനിമകൾക്ക് ‘റിയലിസം’ നഷ്ടപ്പെടുന്നു: പ്രിയദർശൻ appeared first on Express Kerala.




