ലാരിജാനിയുടെ പിൻഗാമി ആരാകും? ഇറാന്റെ പുതിയ സുരക്ഷാ അമരക്കാരനായി മൊഹ്‌സെൻ റെസായി എത്തിയേക്കും!

ലാരിജാനിയുടെ പിൻഗാമി ആരാകും? ഇറാന്റെ പുതിയ സുരക്ഷാ അമരക്കാരനായി മൊഹ്‌സെൻ റെസായി എത്തിയേക്കും!

റാന്റെ കരുത്തനായ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണത്തിന് പിന്നാലെ, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ അമരക്കാരൻ ആരാകുമെന്ന ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഭരണ-സൈനിക തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ലാരിജാനിയുടെ വിയോഗം സൃഷ്ടിച്ച വലിയ വിടവ് നികത്താൻ ഇറാൻ റെവല്യൂഷനറി ഗാർഡ്‌സിന്റെ മുൻ കമാൻഡർ മൊഹ്‌സെൻ റെസായിയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

നിലവിൽ മുജ്തബ ഖമേനിയുടെ മുതിർന്ന സൈനിക ഉപദേശകനായി പ്രവർത്തിക്കുന്ന മൊഹ്‌സെൻ റെസായിക്ക് തന്നെയാണ് ലാരിജാനിയുടെ പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 1981 മുതൽ 1997 വരെ നീണ്ട 16 വർഷക്കാലം ഇറാൻ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ആയി പ്രവർത്തിച്ച വിപുലമായ അനുഭവസമ്പത്ത് റെസായിക്കുണ്ട്. വെറും 27-ാം വയസ്സിൽ സൈന്യത്തിന്റെ ഭാഗമായ അദ്ദേഹം പലതവണ ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തി കൂടിയാണ്. തിങ്കളാഴ്ചയാണ് മുജ്തബ ഖമേനി അദ്ദേഹത്തെ സീനിയർ സൈനിക ഉപദേശകനായി നിയമിച്ചത്.

Also Read:ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ

രാജ്യത്തിന്റെ പ്രതിരോധം, ഇന്റലിജൻസ്, വിദേശനയം എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്ന അതീവ പ്രാധാന്യമുള്ള പദവിയാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്നത്. പരമോന്നത നേതാവിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഈ സ്ഥാനത്തേക്ക് റെസായി എത്തുന്നതോടെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാന്റെ നിലപാടുകൾ കൂടുതൽ കടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലാരിജാനിയുടെ മരണം ഇറാന് വലിയ ആഘാതമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും, പരിചയസമ്പന്നനായ റെസായിയെ മുൻനിർത്തി പ്രതിരോധം ശക്തമാക്കാനാണ് ഇറാൻ ഭരണകൂടത്തിന്റെ നീക്കം.

The post ലാരിജാനിയുടെ പിൻഗാമി ആരാകും? ഇറാന്റെ പുതിയ സുരക്ഷാ അമരക്കാരനായി മൊഹ്‌സെൻ റെസായി എത്തിയേക്കും! appeared first on Express Kerala.

Spread the love
Scroll to Top