
മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. എം കെ മുനീറിനെ ഒഴിവാക്കിയതും വനിതാ ലീഗിനെ അവഗണിച്ചതും തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥിത്വവുമാണ് പ്രധാന തര്‍ക്കവിഷയങ്ങള്‍. എന്നാല്‍, മുനീര്‍ സ്വയം മാറിനിന്നതാണെന്ന വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി.
എം കെ മുനീര്‍ സ്വയം മാറിനിന്നതാണെന്നും പാര്‍ട്ടി തീരുമാനത്തില്‍ അദ്ദേഹം പൂര്‍ണ്ണ തൃപ്തനാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാത്തിമ തഹ്ലിയയെയും ജയന്തി രാജനെയും പരിഗണിച്ചപ്പോള്‍ വനിതാ ലീഗിനെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആരോപിച്ചു. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ നേതൃത്വത്തിന് പരാതി നല്കി.
Also Read: ബി.ജെ.പിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര്; പ്രമുഖരെ തഴഞ്ഞതിൽ അമർഷം
അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മുതിര്‍ന്ന നേതാവ് അബ്ദുറഹിമാന് രണ്ടത്താണി രംഗത്തെത്തി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ താല്‍പ്പര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് രണ്ടത്താണിയുടെ പരോക്ഷ വിമര്‍ശനം. കാര്യങ്ങള്‍ നല്ല നിലയില്‍ പോകട്ടെ, താന്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നാണ് എം കെ മുനീര്‍ പറഞ്ഞത്. ആരും അവകാശവാദങ്ങളുമായി വന്നിട്ടില്ല, പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ എല്ലാവരും തയ്യാറാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
The post എം കെ മുനീര്‍ സ്വയം മാറിനിന്നത്; ലീഗില്‍ തര്‍ക്കങ്ങളില്ലെന്ന് സാദിഖലി തങ്ങള്‍ appeared first on Express Kerala.




