
മൂന്ന് പതിറ്റാണ്ടായി അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുടെ ആകെ ചെലവായ 3810 കോടി രൂപയുടെ പകുതി (1900 കോടി രൂപ) കിഫ്ബി വഴി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായതോടെയാണ് റെയിൽവേ മന്ത്രാലയം നടപടികൾ വേഗത്തിലാക്കിയത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് റെയിൽവേ പ്രവർത്തിച്ചു വരികയാണെന്നും സതേൺ റെയിൽവേ കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ അനുകൂല നിലപാടുകൾ രേഖപ്പെടുത്തിയ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.
1997-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സ്വപ്ന പദ്ധതിയിൽ ഇതുവരെ കാലടി വരെ എട്ട് കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിന്റെ വികസനത്തിനും വലിയ കുതിച്ചുചാട്ടം നൽകുന്ന ശബരി റെയിൽപാത യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് യാത്രാക്ലേശം ഇല്ലാതെ ശബരിമലയിൽ എത്താൻ സാധിക്കും. കേന്ദ്രവും സംസ്ഥാനവും കൈകോർക്കുന്നതോടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി-എരുമേലി പാതയിലൂടെ ട്രെയിൻ ഓടുമെന്ന പ്രതീക്ഷയിലാണ് കേരളം.
The post ശബരി റെയിൽ പദ്ധതിക്ക് പച്ചക്കൊടി; തടസ്സങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിൽ appeared first on Express Kerala.




