
പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടി ലക്ഷ്മി പ്രിയ രംഗത്തെത്തി. വോട്ടർ പട്ടികയിലെ അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക പിശകാണ് തനിക്ക് തിരിച്ചടിയായതെന്നും പാർട്ടി റിസ്ക് എടുക്കാൻ തയ്യാറായെങ്കിലും താൻ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ലക്ഷ്മി പ്രിയയ്ക്ക് പകരം മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കൽ പെരുമ്പാവൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി എത്തും.
തന്റെ വോട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. 18 വയസ്സു മുതൽ തൃക്കാക്കരയിൽ വോട്ടുള്ള വ്യക്തിയാണ് താൻ. എന്നാൽ അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ (SIR) സർട്ടിഫിക്കറ്റിൽ വന്ന പിശക് കാരണം നിലവിൽ വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. രേഖകളിലെ തിരുത്തൽ പൂർത്തിയായി ഔദ്യോഗികമായി ലഭിക്കാൻ 22-ാം തീയതി വരെ കാത്തിരിക്കണം. പത്രിക പരിശോധന വേളയിൽ ഇത് തള്ളപ്പെടാൻ സാധ്യതയുള്ളതിനാൽ പാർട്ടിക്ക് ഒരു റിസ്ക് ഉണ്ടാകരുത് എന്ന് കരുതിയാണ് താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയതെന്ന് താരം വ്യക്തമാക്കി.
Also Read:പാപ്പനും പിള്ളേരും വീണ്ടും തരംഗമാകുന്നു! ‘ആട് 3’ ആദ്യ ഷോകൾക്ക് ആവേശകരമായ പ്രതികരണം
മത്സരരംഗത്ത് ഇല്ലെങ്കിലും ട്വന്റി 20, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ താൻ മുൻനിരയിലുണ്ടാകുമെന്ന് ലക്ഷ്മി പ്രിയ അറിയിച്ചു. ഇടത്-വലത് മുന്നണികളെപ്പോലെ വ്യക്തി കേന്ദ്രീകൃതമല്ല തങ്ങളുടെ രാഷ്ട്രീയമെന്നും സ്ഥാനമാനങ്ങളേക്കാൾ പ്രധാനം രാഷ്ട്രീയ നിലപാടുകളാണെന്നും അവർ പറഞ്ഞു. താൻ പണം വാങ്ങിയാണ് പിന്മാറിയതെന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളെയും ലക്ഷ്മി പ്രിയ തള്ളി. ഇത്തരം കമന്റുകൾ കണ്ട് തളരുന്ന ആളല്ല താനെന്നും തിരഞ്ഞെടുപ്പിനെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാനാകില്ലെന്നും അവർ ഓർമ്മിപ്പിച്ചു. സംഭവിച്ചതെല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പുതിയ സ്ഥാനാർത്ഥിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
The post രേഖകളിലെ സാങ്കേതിക പിശക് തിരിച്ചടിയായി; ട്വന്റി 20 സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ലക്ഷ്മി പ്രിയ appeared first on Express Kerala.




