
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കെ. സുധാകരന് സീറ്റ് നിഷേധിച്ചാൽ ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്താകെ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് അനുകൂലികൾ മുന്നറിയിപ്പ് നൽകി. കെ. സുധാകരനെ പരിഗണിച്ചില്ലെങ്കിൽ 15 മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി മത്സരിപ്പിക്കാനാണ് സുധാകരൻ അനുകൂലികളുടെ നീക്കം.
കെ. സുധാകരന് പിന്തുണയുമായി മൂന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് നടന്ന നേതൃയോഗം തങ്ങളെ അറിയിച്ചില്ലെന്നും സുധാകരനോടുള്ള അവഗണന തങ്ങളോടും കാട്ടിയെന്നുമാണ് ഇവരുടെ പരാതി. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും മണ്ഡലം പ്രസിഡന്റുമാർ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനത്തിനായി സുധാകരൻ ഇപ്പോൾ ഡൽഹിയിലാണ്.
Also Read: 23 സീറ്റുകളിൽ ബിഡിജെഎസ്; രണ്ടാംഘട്ട പട്ടിക പുറത്ത്, ഇരവിപുരത്ത് സജി ഡി ആനന്ദ്
കെ. സുധാകരൻ സമ്മർദ്ദ തന്ത്രത്തിലൂടെ സീറ്റ് ഉറപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അടൂർ പ്രകാശ് എം.പി.യും രംഗത്തെത്തിയിട്ടുണ്ട്. കോന്നി നിയമസഭാ മണ്ഡലത്തിൽ തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. നേരത്തെ മത്സരിക്കാനില്ല എന്ന് വ്യക്തമാക്കിയിരുന്ന ഫേസ്ബുക്ക് പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചു. സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് വഴങ്ങുന്നു എന്ന സൂചന ലഭിച്ചതോടെയാണ് അടൂർ പ്രകാശും നിലപാട് മാറ്റിയത്.
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. സുധാകരന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ ഈ പട്ടികയിൽ ഇടംപിടിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡൽഹിയിൽ തുടരുന്ന സുധാകരൻ ഇന്ന് തന്നെ മാധ്യമങ്ങളെ കാണുമെന്നും തന്റെ നിലപാട് വ്യക്തമാക്കുമെന്നും കരുതപ്പെടുന്നു.
The post സുധാകരനില്ലെങ്കിൽ കലാപം; 15 സീറ്റുകളിൽ സ്വതന്ത്രരെ ഇറക്കാൻ അണികൾ, കോൺഗ്രസിൽ പോര് മുറുകുന്നു appeared first on Express Kerala.



