
പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ ഇന്ത്യയുടെ തന്ത്രപ്രധാനമായ അസംസ്കൃത എണ്ണ ശേഖരത്തെ സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങൾ പുറത്ത്. ഇറക്കുമതി തടസ്സപ്പെട്ടാൽ ഇന്ത്യയുടെ കൈവശമുള്ള ശേഖരം പരമാവധി 10 ദിവസത്തേക്ക് മാത്രമേ തികയൂ എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആകെ സംഭരണ ശേഷി 53.3 ലക്ഷം മെട്രിക് ടൺ. 33.72 ലക്ഷം മെട്രിക് ടൺ (ശേഷിയുടെ 64% മാത്രം)ആണ് നിലവിലെ ശേഖരം. വിശാഖപട്ടണം, മംഗളൂരു, പാഡൂർ എന്നിവിടങ്ങളിലാണ് പ്രധാന സംഭരണ കേന്ദ്രങ്ങൾ. ഇന്ത്യയിലേക്കുള്ള ഇന്ധനവും വളവും എത്തുന്ന പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ വിതരണ ശൃംഖലയെ ബാധിക്കും.
Also Read: ഭക്ഷണം ഇനി ‘ചുട്ടുപൊള്ളും’; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി സ്വിഗ്ഗിയും!
ഒഡിഷയിലെ ചന്ദിഖോലിലും കർണാടകയിലെ പാഡൂരിലും അധികമായി 65 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള കേന്ദ്രങ്ങൾ നിർമ്മിക്കാൻ 2021-ൽ അനുമതി നൽകിയെങ്കിലും അവ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. രാജ്യത്തെ എണ്ണ ഉപഭോഗം വർദ്ധിക്കുന്നതിനനുസരിച്ച് നിലവിലെ ശേഖരം പര്യാപ്തമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള ഊർജ്ജ വിതരണത്തിൽ ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം വലുതാണെന്നും, ഇറക്കുമതി തടസ്സപ്പെട്ടാലും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
The post ഇന്ത്യയുടെ എണ്ണശേഖരം 10 ദിവസത്തേക്ക് മാത്രം; ഇറക്കുമതി നിലച്ചാൽ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്! appeared first on Express Kerala.



