
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ധന-ഊർജ്ജ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് നിലവിൽ എൽ.പി.ജി.യുടെയോ ക്രൂഡോയിലിന്റെയോ ക്ഷാമമില്ലെന്നും അഞ്ച് എൽ.പി.ജി. കപ്പലുകൾ ഉടൻ തന്നെ ഇന്ത്യൻ തീരത്തെത്തുമെന്നും കേന്ദ്രമന്ത്രിമാരായ എസ്. ജയ്‌ശങ്കറും ഹർദീപ് സിങ് പുരിയും യോഗത്തിൽ വിശദീകരിച്ചു. യുദ്ധം കാരണം ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ, ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നേരിട്ട് ആവശ്യപ്പെട്ടതായും കേന്ദ്രസർക്കാർ യോഗത്തെ അറിയിച്ചു. ഹർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും മോദി പങ്കുവെച്ചു. എന്നാൽ ഇന്ത്യയുടെ ഈ അഭ്യർത്ഥനയോട് അമേരിക്കൻ ഭരണകൂടം എത്തരത്തിലാണ് പ്രതികരിച്ചതെന്ന കാര്യം വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം സംഘർഷത്തിൽ പാകിസ്ഥാൻ മധ്യസ്ഥനായി ഇടപെടുന്നുവെന്ന വാർത്തകളോട് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അതിരൂക്ഷമായാണ് പ്രതികരിച്ചത്. പാകിസ്താൻ എക്കാലത്തും അമേരിക്കയുടെ ഒരു ‘ദല്ലാൾ’ മാത്രമാണെന്നും 1981 മുതൽ അവർ ഇതാണ് തുടരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് അംഗം മുകുൾ വാസ്‌നിക് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
The post അഞ്ച് കപ്പലുകൾ ഉടനെത്തും, ഗ്യാസ് ക്ഷാമം ഉണ്ടാവില്ല; പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം appeared first on Express Kerala.



