
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത്. തോൽവിക്ക് ശേഷം പറയാൻ പോകുന്ന ന്യായീകരണങ്ങൾ അദ്ദേഹം ഇപ്പോഴേ നിരത്തുകയാണെന്നും പ്രശാന്ത് പരിഹസിച്ചു. മണ്ഡലത്തിൽ സിപിഐഎം-ബിജെപി ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാവിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്ക് വേണ്ടി വോട്ട് ചോദിക്കുന്ന ബിജെപി കൗൺസിലർമാർ, രാത്രിയിൽ വി.കെ. പ്രശാന്തിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു കെ. മുരളീധരന്റെ ആരോപണം. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന വട്ടിയൂർക്കാവ് 2019-ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് വി.കെ. പ്രശാന്ത് എൽഡിഎഫിന് അനുകൂലമാക്കിയത്.
2011ൽ കെ. മുരളീധരൻ 16,167 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തിയിരുന്നു. 2016ൽ മുരളീധരൻ മണ്ഡലം നിലനിർത്തിയപ്പോൾ ബിജെപിയുടെ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തുകയും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2019ൽ മുരളീധരൻ വടകര ലോക്സഭാ സീറ്റിലേക്ക് മാറിയതോടെയാണ് നടന്ന ഉപതെരഞ്ഞെടുപ്പിൽ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.കെ. പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത്.
The post തോൽവി ഉറപ്പിച്ചു, ന്യായീകരണം ഇപ്പോഴേ തുടങ്ങുന്നു! കെ. മുരളീധരനെ പരിഹസിച്ച് വി.കെ. പ്രശാന്ത് appeared first on Express Kerala.



