
തൃശൂർ പൂരം 2026-ന് ആവേശം പകർന്ന് കേരളത്തിൻ്റെ പ്രിയപ്പെട്ട ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ വരവ് സ്ഥിരീകരിച്ചു. ഇത്തവണയും ചെമ്പൂക്കാവ് ശ്രീകാർത്ത്യായനി ഭഗവതിയുടെ തിടമ്പേറ്റാനാണ് ആനപ്രേമികളുടെ സുപ്പർ സ്റ്റാർ പൂരനഗരിയിലെത്തുന്നത്. കഴിഞ്ഞ വർഷവും രാമൻ ഇതേ ഭഗവതിയുടെ തിടമ്പാണ് ഏറ്റിയത് എന്നതിനാൽ ആ ആവേശം ഇക്കുറിയും തുടരുമെന്ന ഉറപ്പിലാണ് ആരാധകർ. രാമൻ്റെ വരവ് ഉറപ്പായതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ ആഘോഷങ്ങളാണ് പൂരപ്രേമികൾക്കിടയിൽ നടക്കുന്നത്.
പൂരവിളംബരത്തിൻ്റെ ഭാഗമായി തെക്കേ ഗോപുരനട തള്ളിത്തുറക്കാൻ രാമൻ എത്താത്തത് വർഷങ്ങളായി ആരാധകർക്ക് ഒരു വേദനയാണെങ്കിലും, സുരക്ഷാ കാരണങ്ങളാൽ ഇത്തവണയും എറണാകുളം ശിവകുമാർ തന്നെയാകും ആ ദൗത്യം നിർവ്വഹിക്കുക. ഓരോ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നിശ്ചയിക്കപ്പെടുന്ന റെക്കോർഡ് ഏക്കത്തുകകൾ വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. കേരളത്തിലെ നാട്ടാനകളിൽ തലപ്പൊക്കത്തിൻ്റെ കാര്യത്തിൽ അജയ്യനായി നിൽക്കുന്ന രാമചന്ദ്രൻ, നിലവിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരമുള്ള ആനയെന്ന ഖ്യാതിയോടെയാണ് പൂരത്തിനെത്തുന്നത്.
Also Read:വ്യാജ വീഡിയോ നീക്കം ചെയ്തില്ല! ‘എക്‌സി’നെതിരെ സൈബർ പോലീസ് കേസെടുത്തു
ബിഹാറിൽ നിന്ന് കേരളത്തിലെത്തിയ ഈ ഗജവീരന് 326 സെൻ്റിമീറ്റർ ഉയരവും 340 സെൻ്റിമീറ്ററോളം ഉടൽ നീളവുമുണ്ട്. തൃശൂർ പൂരത്തിൻ്റെ പകിട്ട് വർദ്ധിപ്പിക്കുന്നതിൽ രാമചന്ദ്രൻ്റെ സാന്നിധ്യം എന്നും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള ഈ സൂപ്പർ സ്റ്റാർ ആന പൂരത്തിന് ഇറങ്ങുന്നതോടെ ഇക്കുറി വൻ ജനത്തിരക്കാണ് തൃശൂർ നഗരത്തിൽ പ്രതീക്ഷിക്കുന്നത്.
The post തൃശൂർ പൂരത്തിന് ഗജരാജാവിൻ്റെ വരവ്; ആരാധകർ ആവേശത്തിൽ! appeared first on Express Kerala.



