
മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മസ്‌കത്ത് ഗവർണറേറ്റിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ജനജീവിതം പ്രതിസന്ധിയിലായി. സീബ്, ആമിറാത്ത് വിലായത്തുകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഓടകളും വാദികളും (താഴ്വരകൾ) നിറഞ്ഞൊഴുകിയതോടെ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. മിതമായ കാറ്റോടു കൂടിയാണ് മഴ തുടരുന്നത്.
സീബ് വിലായത്തിലെ അൽ ഖൗദ്, അൽ ഹൈൽ, അൽ മബീല, സൂർ ആൽ ഹദീദ്, അൽ ബനൂദ്, ഹല്ലത് അൽ സൂഖ്, അൽ മൗലിഹ് എന്നിവിടങ്ങളിലും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. മഴ കനത്തതോടെ ജനവാസ മേഖലകളിലെ ഓടകൾ പലതും കരകവിഞ്ഞൊഴുകി.
ആമിറാത്ത് വിലായത്തിലും സ്ഥിതി സമാനമാണ്. നഹ്ദ, അൽ ഹാജിർ, സൈഹ് അൽ ധബി, അൽ ബജ്റിയ, അൽ ജഫൈന, അൽ ദഖൽ, വാദി അൽ സറീൻ, വാദി അൽ മൈഹ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴയെ തുടർന്ന് വാദി അൽ സറീൻ, ആമിറാത്ത്, അൽ ജഫൈന എന്നിവിടങ്ങളിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതായി അധികൃതർ വ്യക്തമാക്കി.
കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.’
The post ഒമാനിൽ കനത്ത മഴ തുടരുന്നു; സീബിലും ആമിറാത്തിലും വാദികൾ നിറഞ്ഞൊഴുകി appeared first on Express Kerala.



