
കാൺപൂർ: സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി കാൺപൂരിലെ റാവത്ത്പൂർ ഏരിയയിലുള്ള ഗുരുദേവ് പാലസ് ടാക്കീസിലാണ് സംഭവം. ‘ധുരന്ധർ 2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ പെൺകുട്ടിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന യുവാവാണ് അതിക്രമം നടത്തിയത്.
സിനിമ നടന്നുകൊണ്ടിരിക്കെ യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി ബഹളം വെച്ച് പ്രതികരിക്കുകയായിരുന്നു. ഇതോടെ തിയേറ്ററിലുണ്ടായിരുന്ന മറ്റു കാണികൾ ഇടപെടുകയും യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്തു. ബഹളത്തെത്തുടർന്ന് തിയേറ്ററിനുള്ളിൽ പരിഭ്രാന്തി പടരുകയും ആളുകൾ പുറത്തേക്ക് ഓടുകയും ചെയ്തു. ഹാളിന് പുറത്തെത്തിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് പിടികൂടുകയും പരസ്യമായി മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read: കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ കവർച്ച; 18.5 പവൻ സ്വർണം കവർന്നു
സംഭവം വിവാദമായതോടെ കാൺപൂർ നഗർ പോലീസ് പ്രതികരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലുടൻ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
The post തിയേറ്ററിനുള്ളിൽ പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവിനെ കൈകാര്യം ചെയ്ത് അച്ഛനും നാട്ടുകാരും appeared first on Express Kerala.



