തൃശൂരിലെ അക്യുപങ്ചർ മരണം: ‘മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകം

തൃശൂർ: മുഹ്സിനയുടെയും കുട്ടികളുടെയും മരണം ചികിത്സ നൽകാതെയുള്ള കൊലപാതകമാണെന്നും മരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും തൃശൂരിൽ അക്യുപങ്ചർ ചികിത്സക്കിടെ മരിച്ച മുഹ്സിനയുടെ കുടുംബം. ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതി ചേർക്കണം. ഇവർ ഭാഗമായ അക്യുപങ്ചർ എന്ന തിരൂരിലെ സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ നിരന്തര ഭീഷണിയുണ്ടെന്നും കുടുംബം പറഞ്ഞു. 

കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ താമസമുണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മുഹ്സിനയുടെയും ഇബ്രാഹിമിന്റെയും മൂന്ന് കുട്ടികളാണ് നിലവിൽ മരിച്ചത്. കേസിൽ മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം നിലവിൽ റിമാൻഡിലാണ്. 

തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് എടക്കഴിയൂർ സ്വദേശിയായ മുഹ്സിന മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു.

15 വർഷം മുൻപ് ആണ് മുഹ്‌സിനയും അക്യുപങ്ചറിസ്റ്റായ ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു. ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ല. ജനുവരി ആറിനാണ് എടക്കഴിയൂരിലെ വീട്ടിൽ വച്ച് മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത്. മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. പ്രസവത്തിന് പിന്നാലെ കടുത്ത ശാരീരിക പ്രശ്നങ്ങൾ നേരിട്ട മുഹ്സിനയ്ക്ക് അക്യുപഞ്ചർ ചികിത്സയാണ് ഇബ്രാഹിം നൽകിയതെന്നും ചികിത്സയുടെ ഭാഗമായി ശരീരത്താകമാനം ഉണ്ടായ മുറിവുകളാണ് മരണത്തിലേക്ക് എത്തിച്ച അണുബാധയ്ക്ക് കാരണമെന്നുമാണ് മുഹ്സിനയുടെ കുടുംബത്തിന്റെ പരാതി. ശരീരത്തിലെ മുറിവുകൾ പുഴുവരിച്ച നിലയിലായിരുന്നുവെന്നും കുടുംബം പറയുന്നു.

പിന്നീട് മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള പെൺകുട്ടിയും മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുവെന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻപ് തിരൂരിൽ അക്യുപഞ്ചർ ക്ലിനിക്ക് നടത്തിയിരുന്നു ഇബ്രാഹിം.

Spread the love
See also  🔴LIVE - - Chathakudam Sree Dharma Sastha Temple - Thiruvathira Purappadu 2026 - Live

Leave a Comment

Your email address will not be published. Required fields are marked *