
ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ‘ധുരന്ധർ 2’ ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 1000 കോടി രൂപയെന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡും ഇതോടെ ‘ധുരന്ധർ 2’ സ്വന്തമാക്കി. ആറ് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച അല്ലു അർജുന്റെ ‘പുഷ്പ 2’ മാത്രമാണ് ഇനി ഈ ചിത്രത്തിന് മുന്നിലുള്ളത്.
എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’, ‘ആർ.ആർ.ആർ’, ‘കെ.ജി.എഫ് 2’, ‘കൽക്കി 2898 എ.ഡി’ തുടങ്ങിയ പാൻ-ഇന്ത്യൻ ഹിറ്റുകളെയും ഷാരൂഖ് ഖാൻ ചിത്രങ്ങളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയെയും പിന്നിലാക്കിയാണ് ധുരന്ധറിന്റെ ഈ കുതിപ്പ്. ആഗോളതലത്തിൽ 100 ദശലക്ഷം ഡോളർ ക്ലബ്ബിൽ ഇടംപിടിക്കുന്ന എട്ടാമത്തെ ബോളിവുഡ് ചിത്രമെന്ന ഖ്യാതിയും രൺവീർ സിംഗ് ചിത്രം സ്വന്തമാക്കി.
Also Read:ആ ചിരി മാഞ്ഞിട്ട് മൂന്നാണ്ട്; ഇന്നസെന്റ് എന്ന വിസ്മയം ഇന്നും മായാതെ!
ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം ഏഴ് ദിവസത്തിനുള്ളിൽ 635.29 കോടി രൂപയാണ് ചിത്രം അടിച്ചെടുത്തത്. വിദേശ വിപണിയിൽ നിന്ന് ഏകദേശം 261.92 കോടി രൂപയും ചിത്രം സമാഹരിച്ചു. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം ആകെ 1300 കോടി രൂപയാണ് നേടിയത്. നിലവിലെ ട്രെൻഡ് തുടർന്നാൽ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ റെക്കോർഡുകൾ നിഷ്പ്രഭമാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ ‘പത്താൻ’, ‘കൽക്കി 2898 എ.ഡി’ എന്നിവയുടെ ലൈഫ് ടൈം കളക്ഷനും ചിത്രം മറികടക്കുമെന്ന് ഉറപ്പാണ്.
The post രൺവീർ സിംഗ് ചിത്രം ചരിത്രത്തിലേക്ക്; ഏറ്റവും വേഗത്തിൽ 1000 കോടി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രം appeared first on Express Kerala.



