കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചത് യുഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. പത്രിക പിൻവലിച്ച കെ.എം. അഷ്റഫിന്റെ നടപടിക്ക് പിന്നിൽ വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്. “പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല ഉള്ളതെങ്കിൽ, എസ്ഡിപിഐയുടെ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറയാൻ തയ്യാറാവണം,” സുരേന്ദ്രൻ പറഞ്ഞു. ഇത്തരം അവിശുദ്ധ സഖ്യങ്ങളൊന്നും മഞ്ചേശ്വരത്ത് ഇത്തവണ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയുണ്ടാകുന്നത് ബിജെപിയെ സഹായിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് ഇന്ന് ഉപ്പളയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐ തീരുമാനിച്ചത്.
The post മഞ്ചേശ്വരത്ത് യുഡിഎഫ്-എസ്ഡിപിഐ ‘ഡീൽ’; പത്രിക പിൻവലിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയും സതീശനും ഇടപെട്ടെന്ന് കെ സുരേന്ദ്രൻ appeared first on Express Kerala.



