പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ; ചരിത്രം എണ്ണിപ്പറഞ്ഞ് വി.ഡി. സതീശൻ

പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ; ചരിത്രം എണ്ണിപ്പറഞ്ഞ് വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള രാഷ്ട്രീയ പോര് ആർ.എസ്.എസ് ബന്ധത്തെച്ചൊല്ലി പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ആർ.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചരിത്ര വസ്തുതകൾ നിരത്തിയാണ് വി.ഡി സതീശൻ നേരിട്ടത്. പിണറായി വിജയൻ ലക്ഷണമൊത്ത ആർ.എസ്.എസ് ഏജന്റാണെന്നും, കേരള ജനത അദ്ദേഹത്തിന്റെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

1977-ൽ ആർ.എസ്.എസ് പിന്തുണയോടെയാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് വി.ഡി സതീശൻ ഓർമ്മിപ്പിച്ചു. അന്ന് ഉദുമയിൽ സി.പി.എം – ആർ.എസ്.എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്ന കെ.ജി. മാരാർക്ക് ഇ.എം.എസ് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രവും, പാലക്കാട് സി.പി.എം സ്ഥാനാർത്ഥിക്കായി എൽ.കെ. അദ്വാനി പ്രചാരണം നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. 1989-ൽ കോൺഗ്രസിനെ വീഴ്ത്താൻ വി.പി. സിംഗിനെ പിന്തുണച്ചുകൊണ്ട് ഇ.എം.എസും ജ്യോതിബസുവും വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം നിന്ന പാരമ്പര്യം സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

Also Read: കേരളത്തിൽ ബി.ജെ.പി അത്ഭുതം സൃഷ്ടിക്കുമെന്ന് ബി.ജെ.പി; മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ വന്നത് ആവേശം

ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാക്കളുമായി പിണറായി വിജയൻ നടത്തിയ രഹസ്യ ചർച്ചയെ വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു. ദേശീയപാത പ്രശ്നങ്ങളിൽ ആർ.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിൻ ഗഡ്കരിയെ സന്ദർശിച്ചതും, നിർമ്മല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതും ബി.ജെ.പി പ്രീണനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ നിർദ്ദേശപ്രകാരം ‘പി.എം ശ്രീ’ പദ്ധതിയിൽ ഒപ്പിട്ടതും മകളുടെ കമ്പനിക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളും കുറിപ്പിൽ അക്കമിട്ടു നിരത്തുന്നു.

തൃശൂർ പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിച്ചത് വഴി കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇ.ഡി അന്വേഷണവും മകൾക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എ.ഡി.ജി.പിയെ ആർ.എസ്.എസ് നേതാക്കളുടെ അടുത്തേക്ക് ദൂതനായി അയച്ചതും കൊടകര കുഴൽപ്പണ കേസ് അട്ടിമറിച്ചതും പിണറായി വിജയനാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. സംഘ്പരിവാറിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ ക്ലാസ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ; ചരിത്രം എണ്ണിപ്പറഞ്ഞ് വി.ഡി. സതീശൻ appeared first on Express Kerala.

Spread the love
See also  ആണവായുധ കേന്ദ്രത്തിന് മുകളിലും ഇറാന്റെ ഡ്രോൺ വേട്ട; അതീവ സുരക്ഷിതമെന്ന് കരുതിയ അമേരിക്കൻ താവളങ്ങളുടെ സുരക്ഷാ കവചം തകരുന്നോ?