
ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരങ്ങൾക്കും നായകൻ റിഷഭ് പന്തിനും കടുത്ത മുന്നറിയിപ്പുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക രംഗത്ത്. വെറുതെ പ്ലേ ഓഫിൽ കടക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും, കായിക ലോകത്ത് അർഹമായ ബഹുമാനം ലഭിക്കണമെങ്കിൽ കിരീടം നേടുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഗോയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്.
ലഖ്‌നൗ ടീമിന്റെ യഥാർത്ഥ വ്യക്തിത്വം ഇതുവരെ പൂർണ്ണമായി പുറത്തുവന്നിട്ടില്ലെന്നാണ് ഗോയങ്കയുടെ പക്ഷം. കഴിഞ്ഞ സീസണുകളിൽ പ്ലേ ഓഫിൽ പ്രവേശിക്കാൻ ടീമിന് സാധിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരങ്ങളിൽ ജയവും തോൽവിയും സ്വാഭാവികമാണെങ്കിലും, ആദ്യ കിരീടം നേടുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകരുത്. കിരീടം നേടുമ്പോൾ ലഭിക്കുന്ന അംഗീകാരം മറ്റൊന്നിലൂടെയും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന് വലിയ ഉത്തരവാദിത്തമാണ് ഈ സീസണിലുള്ളത്. മുൻ നായകൻ കെ.എൽ. രാഹുൽ ടീം വിട്ട സാഹചര്യത്തിൽ, പന്തിന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നതിന്റെ നിരാശ മറികടന്ന്, കിരീടപ്പോരാട്ടത്തിൽ സജീവമാകാൻ ലഖ്‌നൗവിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
The post ‘പ്ലേ ഓഫ് മാത്രം പോര, ബഹുമാനം കിട്ടാൻ കപ്പടിക്കണം’; ലഖ്‌നൗ താരങ്ങൾക്ക് ഗോയങ്കയുടെ നിർദ്ദേശം appeared first on Express Kerala.



