
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാർത്ഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ്. കഴക്കൂട്ടം മണ്ഡലം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്നും കടകംപള്ളിയെ ഇത്തവണ ‘അയ്യപ്പന്റെ പുലി’ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ മത്സരം യു.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്നും കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാക്കുമെന്ന സൂചനയാണ് ശരത് ചന്ദ്ര പ്രസാദിന്റെ വാക്കുകൾ നൽകുന്നത്.
Also Read: കേരളത്തിൽ ട്രെയിൻ സർവീസുകൾ വൈകുന്നു..!
അതേസമയം, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ അഴിമതി ആരോപണത്തിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നലെ അവസാനിപ്പിച്ചത് കോൺഗ്രസിന് ആശ്വാസമായി. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മുൻ യു.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.എം ഉന്നയിച്ച വലിയ ആരോപണങ്ങൾക്കേറ്റ തിരിച്ചടിയായാണ് യു.ഡി.എഫ് ഈ കോടതി വിധിയെ കാണുന്നത്. സ്വർണ്ണക്കൊള്ളയിൽ സി.പി.എം പ്രതിക്കൂട്ടിലായപ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഈ അഴിമതി ആരോപണം ഉയർത്തിക്കൊണ്ടുവന്നതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു.
കൊടിമര നിർമ്മാണത്തിനായി വ്യക്തികൾ നൽകിയ 412 ഗ്രാം സ്വർണം മുഴുവനായും ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിൽ അഴിമതി നടന്നിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണം നൽകിയവരിൽ ഭൂരിഭാഗം പേരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഡ്വക്കറ്റ് കമ്മീഷണർ നൽകിയ രസീതുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിക്ക് കൈമാറിയത്. സി.പി.എം ഭരണകാലത്തെ സ്വർണ്ണക്കൊള്ള ആരോപണങ്ങൾക്കിടയിൽ യു.ഡി.എഫിനെതിരെയുള്ള അഴിമതി ആരോപണം കോടതി തള്ളിയത് വരും ദിവസങ്ങളിൽ പ്രചാരണ വേദികളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.
The post ‘കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദു’; ആഞ്ഞടിച്ച് ശരത് ചന്ദ്ര പ്രസാദ് appeared first on Express Kerala.



