യുദ്ധപ്പുക മറികടന്ന് ‘ജഗ് വസന്ത്’ തീരത്തെത്തി; 22 ദിവസത്തെ കാത്തിരിപ്പിന് വിരാമം, ആശ്വാസമായി പാചകവാതകം

യുദ്ധപ്പുക മറികടന്ന് ‘ജഗ് വസന്ത്’ തീരത്തെത്തി; 22 ദിവസത്തെ കാത്തിരിപ്പിന് വിരാമം, ആശ്വാസമായി പാചകവാതകം

ഹോർമുസ് കടലിടുക്കിലെ യുദ്ധപ്രതിസന്ധിയിൽ കുടുങ്ങിയ രണ്ടാമത്തെ ഇന്ത്യൻ എൽപിജി കപ്പൽ ‘ജഗ് വസന്ത്’ 22 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഗുജറാത്ത് തീരത്തെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചാർട്ടർ ചെയ്ത ഈ കപ്പൽ, ഫെബ്രുവരി 28-ന് കുവൈറ്റിൽ നിന്ന് ചരക്കുമായി പുറപ്പെട്ടെങ്കിലും യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് അടച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെയും ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയുമാണ് കപ്പൽ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഏകദേശം 47,600 മെട്രിക് ടൺ എൽപിജിയുമായെത്തിയ കപ്പലിൽ നിന്ന് മറ്റ് ചെറിയ കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്ന ‘മിഡ്-സീ ട്രാൻസ്ഫർ’ നടപടികൾ ഇന്ന് ഗുജറാത്ത് തീരത്ത് ആരംഭിക്കും.

യുദ്ധം ആരംഭിച്ച ശേഷം പേർഷ്യൻ ഗൾഫിൽ കുടുങ്ങിപ്പോയ 22 ഇന്ത്യൻ കപ്പലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ജഗ് വസന്ത്. ഇതിനൊപ്പം യാത്ര തിരിച്ച ‘പൈൻ ഗ്യാസ്’ എന്ന മറ്റൊരു കപ്പൽ ഇന്ന് മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കപ്പലുകൾ രാജ്യത്തെത്തുന്നതോടെ നിലവിൽ വാണിജ്യ എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കാൻ സർക്കാരിന് സാധിക്കും. പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭൂമിയിൽ നിന്നുള്ള ഈ കപ്പലുകളുടെ മടക്കം ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

The post യുദ്ധപ്പുക മറികടന്ന് ‘ജഗ് വസന്ത്’ തീരത്തെത്തി; 22 ദിവസത്തെ കാത്തിരിപ്പിന് വിരാമം, ആശ്വാസമായി പാചകവാതകം appeared first on Express Kerala.

Spread the love
See also  അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് നിരക്കുകൾ വീണ്ടും കൂട്ടി; ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണ, വരിക്കാരുടെ എണ്ണത്തിലും റെക്കോർഡ്