ആഗോള അസ്ഥിരതയും മിഡിൽ ഈസ്റ്റ് യുദ്ധവും; ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലേക്ക്

ആഗോള അസ്ഥിരതയും മിഡിൽ ഈസ്റ്റ് യുദ്ധവും; ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലേക്ക്

ഗോളതലത്തിലെ അസ്ഥിരതകളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ 94 കടന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 94.15 എന്ന നിലവാരത്തിലായിരുന്ന രൂപ, പിന്നീട് 94.27 എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പശ്ചാത്തലമാക്കി വർഷാരംഭം മുതൽ ഏകദേശം 3.6% മൂല്യത്തകർച്ചയാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്. എങ്കിലും, ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ രൂപ ശക്തമാകുമെന്നും ഡോളറിന് 90 എന്ന നിലവാരത്തിലേക്ക് തിരിച്ചെത്തുമെന്നും ഇക്വിനോമിക്‌സ് റിസർച്ച് എംഡി ജി. ചോക്കലിംഗം ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു.

രൂപയുടെ മൂല്യം 95 എന്ന പരിധിക്ക് താഴേക്ക് പോകുകയാണെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടൽ വിപണിയിൽ നിർണ്ണായകമാകും. മൂല്യമിടിവ് 95 കടക്കുന്നത് ഒരു അസ്ഥിരതാ സംഭവമായി കണക്കാക്കി ആർബിഐ സജീവമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. കറൻസിയുടെ ഇടിവ് കേവലം ഒരു സംഖ്യയല്ലെന്നും, മറിച്ച് എണ്ണവിലയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഡോളറിന്റെ കരുത്തും ഒരുപോലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിന്റെ സൂചനയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Also Read; ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രം; എക്സൈസ് തീരുവ വെട്ടിക്കുറച്ചു, പക്ഷേ ചില്ലറ വിൽപനയിൽ കുറവുണ്ടാവില്ല

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെയും ഇന്ധനത്തെയും ആശ്രയിക്കുന്ന മേഖലകൾക്കും, വിദേശ വായ്പകൾ എടുത്ത കമ്പനികൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇത് കയറ്റുമതി മേഖലയ്ക്ക് ഗുണകരമാവുകയും ചെയ്യും. കറൻസി വിപണിയിലെ ഈ മാറ്റങ്ങൾ രാജ്യത്തെ പണപ്പെരുപ്പത്തെയും ഓഹരി വിപണിയെയും നേരിട്ട് ബാധിക്കുന്നതിനാൽ, രൂപയുടെ സ്ഥിരത ഉറപ്പാക്കുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലയുടെ കരുത്തിന് അത്യന്താപേക്ഷിതമാണെന്ന് ഇൻ‌വാസെറ്റ് പി‌എം‌എസ് ബിസിനസ് ഹെഡ് ഹർഷൽ ദസാനി അഭിപ്രായപ്പെടുന്നു.

The post ആഗോള അസ്ഥിരതയും മിഡിൽ ഈസ്റ്റ് യുദ്ധവും; ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് appeared first on Express Kerala.

Spread the love
See also  കോഴിക്കോട് സൗത്തിൽ എൽഡിഎഫിന് ചിഹ്നപ്രതിസന്ധി! കമ്മീഷന്റെ പട്ടികയിൽ ‘ഗ്ലാസ്’ ഇല്ല