
അബുദാബി: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനതയ്ക്ക് ആശ്വാസമേകി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) പുതിയ സഹായഹസ്തം. ‘ഗാസയിലെ നമ്മുടെ കുട്ടികൾക്കുള്ള പ്രതീക്ഷയുടെ വസ്ത്രം’ എന്ന പ്രത്യേക സംരംഭത്തിന്റെ ഭാഗമായി 270 ടൺ കുട്ടികളുടെ വസ്ത്രങ്ങളുമായാണ് യുഎഇയുടെ 328-ാമത് ദുരിതാശ്വാസ വാഹനവ്യൂഹം ഗാസയിലെത്തിയത്. 15 വലിയ ട്രക്കുകളിലായി എത്തിയ ഈ സഹായം ഗാസയിലെ കുരുന്നുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പലസ്തീൻ കുടുംബങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ഗാസയിൽ തുടരുന്ന കടുത്ത മാനുഷിക പ്രതിസന്ധികൾക്കിടയിൽ ജനങ്ങൾക്ക് താങ്ങാവുക എന്ന നയത്തിന്റെ ഭാഗമായാണ് യുഎഇ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ ജീവകാരുണ്യ സംഘടനകളായ എമിറേറ്റ്‌സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ചാരിറ്റി അസോസിയേഷൻ, സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് വസ്ത്രങ്ങൾ ശേഖരിച്ച് എത്തിച്ചത്.
Also Read: ദുബായ് മെട്രോയിലും ട്രാം പാതകളിലും പരിശോധന കർശനമാക്കി ആർടിഎ!
പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ തുടരുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ യുഎഇ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഘർഷമേഖലയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള സഹായങ്ങൾ എത്തിക്കുന്നതിൽ യുഎഇ മുൻപന്തിയിലാണെന്നും അധികൃതർ വ്യക്തമാക്കി.
The post ഗാസയിലെ കുരുന്നുകൾക്ക് സാന്ത്വനവുമായി യുഎഇ; 270 ടൺ വസ്ത്രങ്ങൾ എത്തിച്ചു appeared first on Express Kerala.



