കുവൈത്ത്: വിവാഹവാഗ്ദാനം നൽകി കുവൈത്തി യുവതി ഒരുക്കിയ പ്രണയക്കെണിയിൽ അകപ്പെട്ട് ജോലി ചെയ്തിരുന്ന ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന ഇന്ത്യൻ യുവാവിന് പത്ത് വർഷം കഠിനതടവ്. കുവൈത്ത് അപ്പീൽ കോടതിയുടേതാണ് വിധി. പ്രതികൾ മോഷ്ടിച്ച സ്വർണ്ണത്തിന്റെ മൂല്യത്തിന് തുല്യമായ 8,09,000 കുവൈത്തി ദീനാർ (ഏകദേശം 25 കോടി രൂപ) പിഴയായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
രണ്ട് വർഷം മുൻപ് നടന്ന സിനിമാക്കഥയെ വെല്ലുന്ന കവർച്ചാ കേസിലാണ് ഇപ്പോൾ അന്തിമ വിധി വന്നിരിക്കുന്നത്. ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കുവൈത്തി യുവതി ഗൂഢാലോചന നടത്തുകയായിരുന്നു. യുവതിയുടെ പ്രലോഭനത്തിൽ വീണ യുവാവ് ജ്വല്ലറിയിൽ നിന്ന് വൻതോതിൽ ആഭരണങ്ങൾ മോഷ്ടിക്കുകയും, ഇവ കുറഞ്ഞ വിലയ്ക്ക് ഒരു പാക്കിസ്ഥാൻ സ്വദേശിക്ക് വിൽക്കുകയുമായിരുന്നു. ഈ ഇടപാടിലൂടെ ലഭിച്ച പണം യുവാവ് യുവതിക്കും മകൾക്കും കൈമാറി.
Also Read: ഗാസയിലെ കുരുന്നുകൾക്ക് സാന്ത്വനവുമായി യുഎഇ; 270 ടൺ വസ്ത്രങ്ങൾ എത്തിച്ചു
കേസിൽ ഗൂഢാലോചനയിൽ പങ്കാളിയായ കുവൈത്തി യുവതിക്ക് അഞ്ച് വർഷം തടവും, മോഷ്ടിച്ച സ്വർണം വാങ്ങിയ പാക്കിസ്ഥാൻ സ്വദേശിക്ക് പത്ത് വർഷം തടവുമാണ് കോടതി വിധിച്ചത്. നേരത്തെ കീഴ്ക്കോടതി ശിക്ഷിച്ചിരുന്ന യുവതിയുടെ മകളെ തെളിവുകളുടെ അഭാവത്തിൽ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. സ്വർണം കവർന്നതിനും നിയമവിരുദ്ധമായി പണം വെളുപ്പിച്ചതിനുമാണ് പ്രതികൾക്കെതിരെ കുവൈത്ത് നിയമപ്രകാരം ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
The post കുവൈത്തിൽ 25 കോടിയുടെ സ്വർണ്ണക്കവർച്ച; പ്രണയക്കെണിയിൽ വീണ ഇന്ത്യൻ യുവാവിന് 10 വർഷം തടവ് appeared first on Express Kerala.



