
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ഡൽഹിയിലേക്ക് 161 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബോയിംഗ് 737 വിഭാഗത്തിൽപ്പെട്ട 6E 579 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിൽ അറിയിക്കുകയും വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വിമാനം സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു.
രാവിലെ 10:53-ഓടെയാണ് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ റൺവേയിൽ സജ്ജരായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ വൻ ദുരന്തം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ഡൽഹിയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി…! appeared first on Express Kerala.



