
‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമായി മാറിയ സന്ദീപ് പ്രദീപ് ‘പ്രേമലു’ ടീമിനൊപ്പം കൈകോർക്കുന്നു. പ്രേമലുവിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ കിരൺ ജോസി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്ദീപ് നായകനാകുന്നത്. നടനും തിരക്കഥാകൃത്തുമായ അനുരാജ് ഒ.ബി. തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസ് ആണ് നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രേമലുവിനെപ്പോലെ ഇതൊരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
അതേസമയം, സന്ദീപ് പ്രദീപ് നായകനാകുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ‘ജോൺ ലൂതറി’ന് ശേഷം അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് നിർമ്മിക്കുന്നത്. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ വമ്പൻ ഹിറ്റുകൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പുറത്തിറക്കുന്ന പത്താം ചിത്രം കൂടിയാണിത്. 2026 പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
Also Read: ‘ധുരന്ദർ 2’ തരംഗത്തിൽ റിലീസ് മാറ്റി അക്ഷയ് കുമാർ! ചിത്രം വൈകും
വൻ താരനിര അണിനിരക്കുന്ന കോസ്മിക് സാംസണിൽ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രം സന്ദീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
The post സന്ദീപ് പ്രദീപ് ഇനി ‘പ്രേമലു’ ടീമിനൊപ്പം! ഒരുങ്ങുന്നത് റൊമാന്റിക് കോമഡി? appeared first on Express Kerala.




