
മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജിക്കെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. തിരൂർ എസ്.എച്ച്.ഒയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി ബാവ ഹാജി വിവാദമായ പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥി വി.എസ് ജോയിക്ക് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ലീഡ് നേടിത്തരുന്ന കമ്മിറ്റിയിലെ അംഗങ്ങൾക്ക് 15 ദിവസത്തെ ഗൾഫ് യാത്രയായിരുന്നു വാഗ്ദാനം. ബാവ ഹാജിയുടെ ഈ പ്രസംഗത്തെക്കുറിച്ച് നേരത്തെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. വോട്ടർമാരെയോ പ്രവർത്തകരെയോ സ്വാധീനിക്കാൻ ഇത്തരം പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന വിലയിരുത്തലിലാണ് പോലീസ് കേസ്.
Also Read: സർക്കാരിനെതിരെയുള്ള മുസ്ലിം ഏകീകരണം ഇപ്പോൾ നിലവിലില്ല; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ
ആദ്യം സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന സി.പി ബാവ ഹാജിക്ക് പകരം മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയാണ് തവനൂരിൽ യുഡിഎഫിനായി മത്സരരംഗത്തുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചിരുന്നു.
The post യുഡിഎഫ് സ്ഥാനാർത്ഥിയെ ജയിപ്പിച്ചാൽ ‘സൗജന്യ വിദേശയാത്ര’; മുസ്ലിം ലീഗ് നേതാവ് സി.പി ബാവ ഹാജിക്കെതിരെ കേസ് appeared first on Express Kerala.




