
ആഗോള ബോക്സ് ഓഫീസിൽ ആയിരം കോടി പിന്നിട്ട് കുതിക്കുന്ന രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ഇപ്പോൾ പുതിയൊരു വിവാദത്തിൽ. ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമായ പാകിസ്ഥാനിലെ ല്യാരി എന്ന പ്രദേശത്തെ താമസക്കാരാണ് സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ നാടിന്റെ പേരും സാഹചര്യങ്ങളും ഉപയോഗിച്ച് കോടികൾ കൊയ്ത നിർമ്മാതാക്കൾ, ആ പണം ല്യാരിയുടെ വികസനത്തിനായി നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
തകർന്നു കിടക്കുന്ന റോഡുകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രദേശവാസികളെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിച്ചത്. സിനിമയുടെ വരുമാനത്തിൽ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങൾക്ക് നൽകിയാൽ മാത്രമേ തങ്ങളുടെ നാട് രക്ഷപെടുകയുള്ളൂ എന്ന് ഇവർ പറയുന്നു. “ചിത്രം ആയിരം കോടി നേടുന്നുണ്ടെങ്കിൽ അതിൽ പകുതിയെങ്കിലും ല്യാരിക്ക് ലഭിക്കണം. എങ്കിൽ മാത്രമേ ഇവിടുത്തെ റോഡുകൾ നന്നാക്കാൻ സാധിക്കൂ,” എന്ന് ഒരു പ്രദേശവാസി വികാരാധീനനായി പ്രതികരിച്ചു. സിനിമയുടെ ലാഭത്തിന്റെ 70 മുതൽ 80 ശതമാനം വരെ വികസന പ്രവർത്തനങ്ങൾക്കായി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Also Read: ഷറഫുദീന്റെ ‘മധുവിധു’വിലെ പ്രണയഗാനം പുറത്ത്
അമേരിക്കയിൽ നിന്നും ഐ.എം.എഫിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പ ലഭിച്ചിട്ടും പാകിസ്ഥാൻ സർക്കാർ ല്യാരിയെ അവഗണിക്കുകയാണെന്ന പരാതിയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സിനിമയുടെ വൻ വിജയം തങ്ങളുടെ നാടിന് ഒരു കൈത്താങ്ങാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നത്. ല്യാരി നിവാസികളുടെ പ്രതികരണങ്ങൾ അടങ്ങിയ വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ, ല്യാരിയിലെ അധോലോക സംഘങ്ങളെയും ഭീകരവാദ ശൃംഖലകളെയും തകർക്കാൻ എത്തുന്ന ‘ഹംസ’ എന്ന ഇന്ത്യൻ ഏജന്റായാണ് രൺവീർ സിംഗ് വേഷമിടുന്നത്. ആർ. മാധവൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ഇതിനോടകം 1,100 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. സിനിമയുടെ വിജയത്തിനൊപ്പം ല്യാരിയിലെ ദയനീയാവസ്ഥ കൂടി ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
The post ല്യാരിയുടെ മണ്ണിൽ നിന്ന് ആയിരം കോടി; ലാഭവിഹിതം വേണമെന്ന് നാട്ടുകാർ, ‘ധുരന്ധറി’നെതിരെ പ്രതിഷേധം appeared first on Express Kerala.




